കൃത്യനിഷ്ഠ പാലിക്കുന്നതിൽ ഒന്നാം സ്ഥാനം നിലനിർത്തി സൗദി എയർലൈൻസ്. അന്താരാഷ്ട്ര വിമാന കമ്പനികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന സിറിയം കമ്പനിയുടേതാണ് റിപ്പോർട്ട് . ജൂലൈ മാസത്തിൽ പരമാവധി കൃത്യത പാലിച്ചുകൊണ്ട് അന്താരാഷ്ട്ര സർവീസുകൾ നടത്തിയ വിമാന കമ്പനികളിൽ സൗദിയ എയർലൈൻസ് ഒന്നാം സ്ഥാനത്താണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജൂൺ മാസത്തിലെ റിപ്പോർട്ടുകളിലും സൗദി എയർലൈൻസ് ഒന്നാമതായിരുന്നു. വിമാനം പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും സൗദിയ എയർലൈൻസ് 88 ശതമാനത്തിലധികം കൃത്യത പാലിച്ചു. സമയക്രമം പാലിക്കുന്നതിൽ മറ്റു വിമാന കമ്പനികളെല്ലാം സൗദിയക്ക് പിറകിലാണ്. നാല് ഭൂഖണ്ഡങ്ങളിലെ നൂറിലധികം വിമാനത്താവളങ്ങളിലേക്ക് 16,500 സർവീസുകളാണ് സൗദിയ എയർലൈൻസ് ജൂലൈ മാസത്തിൽ നടത്തിയത്. ഫ്‌ളൈറ്റ് ഷെഡ്യൂളുകൾ കൃത്യമായി പാലിക്കാൻ ഡിജിറ്റൽ സംവിധാനങ്ങളുൾപ്പെടെയുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും, അതിന്റെ പ്രതിഫലനമാണ് ലോകത്ത് തന്നെ സൗദിയ ഒന്നാം സ്ഥാനത്തെത്താൻ കാരണമെന്നും സൗദി ഗ്രൂപ്പ് ജനറൽ മാനേജർ എഞ്ചിനീയർ ഇബ്രാഹിം അൽ ഒമർ പറഞ്ഞു.
കാലാവസ്ഥാ സാഹചര്യങ്ങൾ, ഉയർന്ന താപനില, സാങ്കേതിക തകരാറുകൾ, വിമാനത്താവളങ്ങളുടെ പ്രവർത്തന സാഹചര്യങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളിൽ നിരന്തരം കൃത്യമായ നിരീക്ഷണം നടത്തുന്നതിനാലാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മുതൽ, ഫ്‌ളൈറ്റ് ഷെഡ്യൂളുകളുടെ കാര്യത്തിൽ ലോകത്തിലെ മികച്ച പത്ത് എയർലൈനുകളുടെ പട്ടികയിലാണ് സൗദി എയർലൈൻസിന്റെ സ്ഥാനം.