അരനൂറ്റാണ്ട് കാലത്തെ പ്രവാസ സൗഹൃദവും അനുഭവങ്ങളും പങ്കുവെച്ച് ‘റിയാദ് ഡയസ്‌പോറ’ കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ സംഗമിച്ചു. ‘റിയാദ് റൂട്‌സ് റീ യൂണിയൻ’ എന്ന തലവാചകത്തിൽ ശനിയാഴ്ച സംഘടിപ്പിച്ച സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
റിയാദ് ഡയസ്‌പോറ പോലെയുള്ള സൗഹൃദ കൂട്ടങ്ങൾ ഉണ്ടാകുന്നത് പലതരത്തിൽ നമ്മുടെ നാടിന് ഉപകാരപ്രദമാകും, ഗൾഫ് പൗരന്മാർ കേരളത്തിലേക്ക് ടൂറിസ്റ്റുകളായി കൂടുതൽ എത്തിത്തുടങ്ങിയിരിക്കുന്നു, അത് പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ കൂടുതൽ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ ദുരന്തത്തിൽപെട്ട കുടുംബങ്ങളുടെ പുനരധിവാസത്തെ കുറിച്ചും മന്ത്രി വിശദമായി സംസാരിച്ചു.
രാവിലെ 9:30 ന് ആരംഭിച്ച പരിപാടിയിലേക്ക് ലോകത്തിന്റെ വിവിധ ദിക്കുകളിൽനിന്ന് പ്രതിനിധികളെത്തി. നേരത്തെ റിയാദ് പ്രവാസികളായിരുന്നവർ പലരും ഇപ്പോൾ ലോകത്തിന്റെ പലയിടത്തും ചിതറിക്കിടക്കുകയാണ്. ഓർമ പുതുക്കാനുള്ള അപൂർവ്വ സംഗമത്തിന് വേദിയൊരുങ്ങിയപ്പോൾ സാധ്യമായവരെല്ലാം കോഴിക്കോട്ടെത്തി പരിപാടിയിൽ പങ്കാളികളായി.
ഡയസ്‌പോറ സമ്മേളനത്തിന്റെ ആദ്യ സെഷനായ വേദി ഉദ്ഘാടനം അബ്ദുസ്സമദ് സമദാനി എം.പി നിർവ്വഹിച്ചു. വേര് തേടിയുള്ള യാത്രയും വേരുകൾ കൂട്ടിയിണക്കിയുള്ള സംഗമവും മികച്ച കാഴ്ചയും അനുഭവവുമാണ് സമ്മാനിച്ചതെന്ന് സമാദാനി പറഞ്ഞു. പ്രവാസികളുടെ വിശാല കാഴ്ചപ്പാടിനെയും നിഷ്‌കപടമായ പ്രവർത്തനങ്ങളെയും സമദാനി അനുഭവങ്ങൾ വിവരിച്ച് അഭിനന്ദിച്ചു. കരുണയുടെ പര്യായമാണ് ഓരോ പ്രവാസിയുമെന്ന് അദ്ദേഹം പറഞ്ഞു.