Kerala

‘വഷളത്തരം, അശ്ലീലത്തരം’;ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ‘അമ്മ’ യുടെ നിലപാടിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി-Hareesh Peradi about AMMA

പഠിച്ച് പരീക്ഷ എഴുതാന്‍ ഒന്നും ആരും ക്ഷണിച്ചിട്ടില്ലല്ലോ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ധിഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് ഏത് തരത്തിലാണ് ഞങ്ങളെ ബാധിക്കുന്നതെന്നോ ഏത് കാര്യത്തിനാണ് മറുപടി പറയേണ്ടതെന്നോ ധാരണയില്ല. അമ്മ ഷോ റിഹേഴ്സല്‍ തിരക്കിലാണ് തങ്ങള്‍. അതിനാണ് പ്രധാന്യം കൊടുക്കുന്നത്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് മറുപടി പറയുമെന്നും സിദ്ധിഖ് പ്രതികരിച്ചിരുന്നു. അമ്മയുടെ ഈ പ്രതികരണത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന മാധ്യമപ്രവര്‍ത്തന്റെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍ ഹരീഷ് പേരടി.

‘വഷളത്തരം, അശ്ലീലത്തരം. പഠിച്ച് പരീക്ഷ എഴുതാന്‍ ഒന്നും ആരും ക്ഷണിച്ചിട്ടില്ലല്ലോ. ഇതില്‍ എന്താ പഠിക്കാനുള്ളത്. സിമ്പിള്‍ ആയിട്ട് ഏതൊരു മനുഷ്യനും മനസ്സിലാക്കാവുന്ന കാര്യങ്ങളെ ഉള്ളൂ റിപ്പോര്‍ട്ടില്‍. ഇനിയെങ്കിലും ഈ സംഘടനകളുടെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഇത്തരം വിഷയങ്ങളെ അഡ്രസ്സ് ചെയ്യാന്‍ പഠിക്കണം. ഇത്തരം കാര്യങ്ങളെ നേരെ നിന്ന് അഡ്രസ്സ് ചെയ്യാന്‍ പഠിക്കണം. ഇനി ഇങ്ങനെ മാറിമാറി പോകരുത്.’, ഹരീഷ് പേരടി പ്രതികരിച്ചു.

ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ കോളിളക്കങ്ങളാണ് മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16 ന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നവയായിരുന്നു. അതുമായി ബന്ധപ്പെട്ട് ഇപ്പോളും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

STORY HIGHLIGHTS: Hareesh Peradi about AMMA