തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയിട്ടില്ലെന്നും പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ വെളിപ്പെടുത്തൽ അടങ്ങുന്ന അതീവ രഹസ്യാത്മക റിപ്പോർട്ടെന്ന് കത്തിൽ ആവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് ഇക്കാര്യത്തിൽ ഒറ്റ നയമാണുള്ളത്. ഒരു തരത്തിലും റിപ്പോർട്ട് പുറത്ത് വരുന്നതിന് സർക്കാർ എതിരല്ല. സാക്ഷികളുടെ വിശ്വാസം പൂർണ്ണമായും സംരക്ഷിക്കണമെന്ന് റിപ്പോർട്ട് എടുത്ത് പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ മേഖലയിലെ തെറ്റായ പ്രവണതകൾ കൃത്യമായി നേരിടും. അതിനുള്ള നിശ്ചയദാർഢ്യം സർക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാർശ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇങ്ങനെ പരാതി ലഭിച്ച എല്ലാ കേസുകളിലും മുഖം നോക്കാതെ നടപടി എടുത്തിട്ടുണ്ട്. റിപ്പോർട്ടിൽ മൊഴി നൽകിയ വനിത പരാതി നൽകാൻ തയ്യാറായാൽ നടപടി സ്വീകരിക്കും. എത്ര ഉന്നതനായാലും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കമ്മിറ്റിയുടെ നിർദേശങ്ങളും പരിഹാര നടപടികളും പ്രത്യേക ഭാഗത്തായി നൽകിയിരുന്നില്ല. സാക്ഷി മൊഴികളും പരിശോധനാവിധേയമാക്കിയതിന്റെ ഭാഗമായിട്ടാണ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതുകൊണ്ട് വെളിപ്പെടുത്തേണ്ടത് ഏതെന്ന് വിഭജിച്ചെടുത്ത് ചൂണ്ടിക്കാട്ടുക അസാധ്യമാണെന്ന് നിരീക്ഷിക്കുക ചെയ്താണ് റിപ്പോർട്ട് വെളിപ്പെടുത്താൻ നിർവാഹമില്ലെന്ന് വിവരാവകാശകമ്മിഷൻ വ്യക്തമാക്കിയത്. ഈ ഉത്തരവിനെ ഓവർ റൂൾ ചെയ്താണ് റിപ്പോർട്ട് പരസ്യപ്പെടുത്താൻ സർക്കാർ നിർദേശം നൽകിയത്. സ്വകാര്യത ലംഘനമുള്ള ഭാഗങ്ങൾ ഒഴികെയുള്ള ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പരസ്യപ്പെടുത്താനായിരുന്നു സർക്കാരിന്റെ നിർദേശം. ഇതിനിടെയാണ് ഒരു നിർമാതാവും പിന്നീട് ഒരു നടിയും കോടതിയെ സമീപിച്ചത്. നിയമതടസ്സമെല്ലാം അവസാനിച്ചതോടെ റിപ്പോർട്ട് പുറത്തുവിട്ടു.
സർക്കാരിന് ഇതിൽ ഒരൊറ്റ നയമേയുള്ളു. ബന്ധപ്പെട്ട മന്ത്രി അടക്കമുള്ളവർ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവരുന്നത് ഒരു തരത്തിലും സർക്കാരിന് എതിർപ്പുള്ള കാര്യമല്ല. സ്റ്റെനോഗ്രാഫറുടെ സഹായം പോലുമില്ലാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സാക്ഷികൾ നൽകിയ പല കാര്യങ്ങളും അതീവ രഹസ്യ സ്വഭാവമുള്ളവയാണ്. അവ കമ്മിറ്റിയുമായി പങ്കുവെച്ചത് സാക്ഷികൾ തങ്ങളിൽ അർപ്പിച്ച വിശ്വാസം കൊണ്ടെന്നും കമ്മിറ്റി വ്യക്തമാക്കുന്നു. ആ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് സ്വയം ടൈപ്പ് ചെയ്തത്. കമ്മിറ്റിക്ക് മുൻപാകെ വെളിപ്പെടുത്തിയ ഏതെങ്കിലും വിവരങ്ങൾ ചോർന്ന് വിവാദമാകുന്നത് തടയേണ്ടതിന്റെ അനിവാര്യത റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സിനിമയിൽ നിന്നുള്ള നിരവധി വ്യക്തികൾ കമ്മിറ്റിക്ക് മുൻപാകെ ഉന്നയിച്ച വിവിധ ആരോപണങ്ങളുടെ സെൻസിറ്റീവ് സ്വഭാവവും അവ പരസ്യമായാൽ അവർ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന പ്രത്യാഘാതാങ്ങളും കണക്കിലെടുത്ത് സാക്ഷികളുടെ മൊഴികൾക്ക് പരിപൂർണ രഹസ്യാത്മക ഉറപ്പുവരുത്താൻ കമ്മിറ്റി ശ്രമിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കമ്മിറ്റി തന്നെ ഇത് പുറത്തുവിടാൻ പാടില്ലെന്ന നിർബന്ധത്തിലായിരുന്നു. സർക്കാരിന് ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യുകതന്നെ ചെയ്യും. ചലച്ചിത്ര മേഖലയിലെ എല്ലാതരം നിയമവിരുദ്ധ, സ്ത്രീവിരുദ്ധ പ്രവണതകളെ ശക്തമായി നേരിടും. നടി ആക്രമിക്കപ്പെട്ട കേസിൽ കേരള പോലീസ് എടുത്ത നിലപാട് പ്രത്യേകം ഓർമിപ്പിക്കേണ്ടതില്ല. നടിമാർ നൽകുന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിലും പോലീസ് ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.