ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്നും മത്സരിക്കും.
അസമിൽ നിന്നും രഞ്ജൻ ദാസും രാമേശ്വർ തേലിയും ബിഹാറിൽ നിന്നും മന്നൻ കുമാർ മിശ്രയും ഹരിയാനയിൽ നിന്നും കിരൺ ചൗധരിയും മത്സരിക്കും. മഹാരാഷ്ട്രയിൽ നിന്നും ധൈര്യശീൽ പാട്ടീലും ഒഡീഷയിൽ നിന്നും മമത മോഹാനതയും ത്രിപുരയിൽ നിന്നും രാജിബ് ബട്ടാചാര്യയും മത്സരിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.
1980-കളിലായിരുന്നു ജോർജ് കുര്യൻ ബി.ജെ.പിയിൽ ചേരുന്നത്. വിദ്യാർഥി മോർച്ചയിൽ കൂടിയായിരുന്നു ബി.ജെ.പി പ്രവേശം. യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. മൂന്ന് വർഷത്തോളം ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്നു.