മലപ്പുറം: മലപ്പുറം പൊലിസ് അസോസിയേഷൻ യോഗത്തിൽ ജില്ലാ പൊലിസ് മേധാവിയെ അധിക്ഷേപിച്ച പി വി അൻവർ എം എൽ എക്കെതിരെ ഐ പി എസ് അസോസിയേഷൻ. സേനാംഗങ്ങളുടെ യോഗത്തിൽ വച്ച് വ്യക്തിപരമായി ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് അസോസിയേഷൻ അംഗങ്ങളുടെ ആവശ്യം. ഐ.പി.എസ് അസോസിയേഷൻ യോഗം ചേർന്ന പ്രമേയം പാസാക്കിയ ശേഷം മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് നീക്കം.
മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷൻ സമ്മേളനത്തിലായിരുന്നു പി.വി അൻവർ എസ്.പി എസ്. ശശിധരനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. പരിപാടിക്ക് വൈകിയെത്തിയതും തന്റെ പാർക്കിലെ റോപ് മോഷണം പോയതിൽ പ്രതിയെ പിടികൂടാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാൻ പൊലീസിൽ ചിലർ ശ്രമിക്കുന്നുണ്ടെന്നും എം.എൽ.എ ആരോപിച്ചു.
കഞ്ചാവ് കച്ചവടക്കാരുമായി ചേർന്ന് ചില പൊലീസുകാർ പ്രവർത്തിക്കുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതായും അൻവർ വെളിപ്പെടുത്തി. ചില പുഴുക്കുത്തുകൾ ഈ സർക്കാരിനെയും മുഖ്യമന്ത്രിയെയും പലഘട്ടത്തിലും പ്രതിസന്ധിയിലാക്കുന്നുണ്ട്. സർക്കാരിനെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാൻ ചിലയാളുകൾ ശ്രമിക്കുന്നുണ്ടെന്നും എം.എൽ.എ ആരോപിച്ചിരുന്നു.
എംഎല്‍എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്‍ പി ശശിധരൻ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിട്ടു.