തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വന്നത് തന്നെ നാണക്കേടാണ്. സ്ത്രീകൾ സുരക്ഷിതരല്ലെന്ന തോന്നലുണ്ടാക്കുന്നുവെന്നും വേദനാജനകമാണെന്നും ഗവർണർ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യത്തിൽ അഭിപ്രായം പറയുന്നില്ലെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
‘ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാരിന് ഒരു കടമയുണ്ട്. എന്നാൽ, നമ്മുടെ മനസാക്ഷി എവിടെ പോയി. സമൂഹത്തോടുള്ള നമ്മുടെ കടമ എന്താണ്. സ്വന്തം കുടുംബത്തിലെ സ്ത്രീകളോട് ഏതുവിധത്തിലാണ് നാം പെരുമാറുക. പിന്നെ, എന്തുകൊണ്ടാണ് കുടുംബത്തിന് പുറത്തുള്ള സ്ത്രീകളോട് വ്യത്യസ്തമായി പെരുമാറുന്നത്. സമൂഹത്തിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.
സ്ത്രീയേയും പുരുഷനേയും വേർതിരിച്ച് കാണുന്നത് നമുക്ക് അംഗീകരിക്കാനാവില്ല. സ്ത്രീകളോട് മാന്യമായി പെരുമാറണം. നിയമം സഹായകരമാണെങ്കിലും അതിനെ പൂർണപരിഹാരമായി കാണാനാകില്ല. സർക്കാർ പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ, സർക്കാരിന് ഒറ്റയ്ക്ക് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനാകില്ല’, ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
പവർ ഗ്രൂപ്പിൽ മന്ത്രിസഭയിലെ ഒരംഗം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തേണ്ടത് സർക്കാരാണെന്ന് ഗവർണർ പറഞ്ഞു. എല്ലാ സ്ത്രീകളും ജോലി സ്ഥലത്തും പൊതുസ്ഥലത്തും സുരക്ഷിതമായി പോകണം. സർക്കാരിന് ഉത്തരവാദിത്തമുണ്ട്. സാമൂഹ്യമായിട്ടുള്ള ബോധവൽക്കരണം കൂടി നൽകണമെന്ന് ഗവർണർ പറഞ്ഞു.