കാസർകോട്: മംഗ്ളൂരുവില്‍ കള്ളനോട്ടുമായി മലയാളികൾ അടക്കം 4 പേർ അറസ്റ്റിൽ. 2,13,500 രൂപയുടെ കള്ളനോട്ടുകളുമായാണ് നാലംഗ സംഘം മംഗളൂരുവിൽ അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മംഗ്ളൂരു ക്ലോക്ക് ടവറിന് സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
കാസർകോട് ചെർക്കളയിലെ പ്രിൻ്റിംഗ് പ്രസിൽ തയ്യാറാക്കിയ നോട്ടുകളാണ് പിടികൂടിയത്. ചെര്‍ക്കള ശ്രീലിപി പ്രിന്റിംഗ് പ്രസ് ഉടമ കരിച്ചേരി പെരളത്തെ വി. പ്രിയേഷ്, മുളിയാര്‍ മല്ലം കല്ലുകണ്ടത്തെ വിനോദ് കുമാര്‍, പെരിയ കുണിയ ഷിഫ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ എന്നിവരാണ് പിടിയിലായ മലയാളികൾ. ഇവരോടൊപ്പം കര്‍ണ്ണാടക പുത്തൂര്‍ ബല്‍നാട് ബെളിയൂര്‍കട്ടെ സ്വദേശി അയൂബ്ഖാനെയും മംഗ്ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
സാമ്പത്തിക ബാധ്യതയാണ് കള്ളനോട്ട് അച്ചടിക്കുന്നതിന് ഇടയാക്കിയതെന്നാണ് അറസ്റ്റിലായ പ്രിയേഷ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. യൂട്യൂബില്‍ നോക്കിയാണ് നോട്ടടിക്കുന്നതിനെ കുറിച്ച് പഠിച്ചതെന്നും കടലാസ് അടക്കമുള്ള സാമഗ്രികള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് എത്തിച്ചതെന്നും മൊഴിയില്‍ പറയുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് മംഗ്ളൂരു ക്ലോക്ക് ടവറിന് സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിൽ 500 രൂപയുടെ 427 കള്ളനോട്ടുകളാണ് കണ്ടെടുത്തത്.