തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഹർത്താൽ. വിവിധ ആദിവാസി -ദളിത് സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താൽ. എസ് സി- എസ്ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും ക്രീമിലെയർ നടപ്പാക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് ഹർത്താൽ. ദേശീയ തലത്തിൽ നടത്തുന്ന ഭാരത് ബന്ദിന്റെ കൂടി ഭാഗമാണ് ഹർത്താൽ. ഹർത്താൽ പൊതുഗതാഗതത്തെ ബാധിക്കില്ല. വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.
സംസ്ഥാന ഹർത്താൽ ജനകീയ സഹകരണത്തോടെ വിജയിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബലം പ്രയോഗിച്ചോ, നിർബന്ധിച്ചോ ജനജീവിതം തടസപ്പെടുത്തില്ല. എല്ലാവരോടും സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. യാതൊരു അക്രമപ്രവർത്തനങ്ങളും നടത്താൻ പാടില്ലന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
എസ്.സി എസ് ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും എസ് എസ് ടി വിഭാഗങ്ങളിൽ ക്രീമിലെയർ നടപ്പാക്കാനും ഈ മാസം ഒന്നിന് സുപ്രീംകോടതി വിധിച്ചിരുന്നു. വിധിക്കെതിരെ വിവിധ ദലിത് പ്രസ്ഥാനങ്ങൾ ദേശീയതലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താൽ ആചരിക്കുന്നത്.
സുപ്രീംകോടതിവിധി മറികടക്കാൻ പാർലമെന്റിൽ നിയമനിർമ്മാണം നടത്തണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം.ദേശീയതലത്തിൽ സമഗ്രമായ ജാതി സെൻസസ് നടത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താൽ. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയും അത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ് ഭാരത് ബന്ദിന്റെ പ്രധാന ലക്ഷ്യം.