കൊൽക്കത്ത: വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെതിരെ സാമ്പത്തിക ക്രമക്കേടുകൾക്ക് കൊൽക്കത്ത പൊലീസ് അന്വേഷണമാരംഭിച്ചു. പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചാണ് അന്വേഷണം. ഇതിനു പുറമെ, കൊല്ലപ്പെട്ട ഡോക്ടറുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും ഇദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇരയുടെ പേര് വെളിപ്പെടുത്തിയതിന് സന്ദീപ് ഘോഷിന് കൊൽക്കത്ത പോലീസിന്റെ നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെ പൊലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് കൊൽക്കത്ത പൊലീസ് നിർദ്ദേശം നൽകിയിരിക്കുന്നത്. കേസിൽ സന്ദീപ് ഘോഷിനെ അഞ്ചിലധികം തവണ ഇതിനകം തന്നെ സിബിഐ ചോദ്യം ചെയ്തിരുന്നു.
ആഗസ്റ്റ് ഒമ്പതിന് ആശുപത്രിയിലെ സെമിനാർ ഹാളിൽ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കൊല്ലപ്പെട്ട ഡോക്ടറുടെ പേര് ഡോ. സന്ദീപ് ഘോഷ് വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ചും അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
സ്വാമി വിവേകാനന്ദ സ്റ്റേറ്റ് പൊലീസ് അക്കാദമി ഐ.ജി ഡോ. പ്രണവ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നത്.
അതേസമയം വിഷയത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. വ്യാഴാഴ്ചക്ക് മുമ്പ് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാദം കേൾക്കുന്നതിനിടയിൽ പശ്ചിമബംഗാള്‍ സര്‍ക്കാറിനെയും പൊലീസിനെയും പ്രിന്‍സിപ്പാളിനെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.