ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെത്തുടർന്നാണ് വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി. മത്സരങ്ങൾ യുഎഇയിൽ നടക്കും.
ഒക്ടോബർ മൂന്നു മുതൽ 20 വരെയാണ് മത്സരങ്ങൾ. ദുബൈയും ഷാർജയുമാണ് മത്സരങ്ങൾക്ക് വേദിയാകുക. നേരത്തെ, ഇന്ത്യക്ക് ആതിഥ്യം വഹിക്കാന്‍ കഴിയുമോ എന്ന് ബി.സി.സി.ഐയോട് ചോദിച്ചെങ്കിലും വിസമ്മതം അറിയിക്കുകയായിരുന്നു. പത്ത് ടീമുകള്‍ ഉള്‍ക്കൊള്ളുന്ന ടൂര്‍ണമെന്റില്‍ 23 മത്സരങ്ങളുണ്ടാകും.
ധാക്കയിലും സില്‍ഹട്ടിലുമായി മത്സരങ്ങള്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. കലാപത്തെ തുടർന്നുള്ള സുരക്ഷാ ഭീഷണികളും നിരവധി രാജ്യങ്ങൾ ബംഗ്ലാദേശിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയതുമാണ് ടൂർണമെന്‍റ് വേദി മാറ്റാൻ ഐ.സി.സിയെ നിർബന്ധിതരാക്കിയത്. ബംഗ്ലാദേശിൽ തന്നെ മത്സരം നടത്താൻ അവസാനം വരെ ശ്രമം നടത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് ഐ.സി.സി സി.ഇ.ഒ ജെഫ് അലാർഡിസ് നന്ദി പറഞ്ഞു.
എന്നാൽ, രാജ്യത്തേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ പങ്കെടുക്കുന്ന ടീമുകളും ഉൾപ്പെട്ടതോടെയാണ് വേദി മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പ് വേദിയാവാനുള്ള ഐസിസിയുടെ നിർദേശം ബിസിസിഐ നിരസിച്ചിരുന്നു. വേദി ഒരുക്കാൻ ആവില്ലെന്ന് കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചിരുന്നു. കലാവസ്ഥയും അടുത്ത വർഷം വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യയിൽ നടക്കാനിരിക്കുന്നതിനാലാണ് ഐസിസിയുടെ നിർദേശി ബിസിസിഐ നിരസിച്ചത്. ഇതിന് പിന്നാലെയാണ് യുഎഇയിൽ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചത്.