കൊച്ചി: ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് പെരുമ്പാവൂരിൽ യുവതി ആത്മഹത്യ ചെയ്തു. എറണാകുളം വേങ്ങൂർ എടപ്പാറ സ്വദേശിനി ആരതി (30)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഇവരെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയച്ചു നൽകുമെന്ന് പറഞ്ഞ് ഓൺലൈൻ ലോൺ ദാദാക്കൾ ഭീഷണി മുഴക്കിയതായി നാട്ടുകാർ പറയുന്നു. മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് കുറുപ്പുംപടി പൊലീസ് അന്വേഷണം തുടങ്ങി.
ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശം യുവതിക്ക് ലഭിച്ചതായി കണ്ടെത്തിയത്. നഗ്നചിത്രങ്ങൾ അയച്ചാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി സന്ദേശങ്ങൾക്ക് മറുപടി നൽകിയിരുന്നു.
യുവതി ആത്മഹത്യ ചെയ്ത ശേഷവും ഫോണിലേക്ക് സന്ദേശവും കോളും വന്നിട്ടുണ്ട്. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)