ബിഹാറിൽ ആർ.ജെ.ഡി നേതാവ് വെടിയേറ്റു മരിച്ചു. മുനിസിപ്പൽ കൗൺസിലറായ പങ്കജ് റായ് ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് വീടിന് സമീപത്തെ തുണിക്കടയിൽ നിൽക്കുമ്പോൾ മോട്ടോർസൈക്കിളിൽ എത്തിയ മൂന്നംഗസംഘം പങ്കജ് റായിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. രക്ഷപ്പെടാനായി വീടിനുള്ളിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ അക്രമികൾ അദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
വെടിയൊച്ച കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും പങ്കജ് റായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ആർ.ജെ.ഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു.
”നിതീഷ് കുമാർ നയിക്കുന്ന എൻ.ഡി.എ ഗുണ്ടകൾ വാർഡ് കൗൺസിലർ പങ്കജ് റായിയെ ചൊവ്വാഴ്ച രാത്രി വെടിവെച്ചു കൊലപ്പെടുത്തി. മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും സമാധാനമായി ഉറങ്ങുമ്പോൾ അവരുടെ ഗുണ്ടകൾ കലാപം നടത്തുകയാണ്”-തേജസ്വി യാദവ് ട്വീറ്റ് ചെയ്തു. തനിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആറു മാസം മുമ്പ് പങ്കജ് റായ് പരാതി നൽകിയെങ്കിലും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും സി.സി.ടി.വികൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് സൂപ്രണ്ട് ഹർ കിഷോർ റായ് പറഞ്ഞു.