ലോകാരോഗ്യ സംഘടന എംപോക്സിനെതിരെ (മങ്കിപോക്സ്) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയും ജാഗ്രത ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ വാക്സിൻ വികസിപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്സിൻ നിർമാണ ഘട്ടത്തിലാണ് ഒരു വർഷത്തിനുള്ളിൽ വാക്സിൻ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല പറഞ്ഞു. യുഎസ് കമ്പനിയായ നോവ വാക്സുമായി ചേർന്നാണ് എംപോക്സിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിക്കുന്നത്.
‘എംപോക്സ് വ്യാപകമാകുന്നതിനെ തുടർന്ന് പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് അപകടത്തിലായേക്കാവുന്ന ദശലക്ഷക്കണക്കിന് ജീവനുകൾ രക്ഷപ്പെടുത്തുന്നതിന് എംപോക്സിനെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിലവിൽ. ഒരു വർഷത്തിനുള്ളിൽ ഇതിൽ കൂടുതൽ നല്ല വാർത്തകൾ പങ്കുവെക്കാനാകുമെന്നാണ് പ്രതീക്ഷ’- അദാർ പൂനാവാല പറഞ്ഞു.
ഓർത്തോപോക്സ് വൈറസ് വിഭാഗത്തിലെ ഒരു സ്പീഷീസായ മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന വൈറസ് ബാധയാണ് മങ്കിപോക്സ്. 1958-ൽ കുരങ്ങുകളിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തുടർന്ന് 1970-ൽ ആദ്യമായി മനുഷ്യരിൽ രോഗബാധ കണ്ടെത്തി. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും എംപോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ എംപോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.