അയ്യായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മഹാശിവക്ഷേത്രമാണ് ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതി ക്ഷേത്രം. ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്നതും ഈ പുണ്യ സ്ഥലത്ത് തന്നെയാണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് സമീപത്താണ് ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ചെങ്കല്‍ മഹേശ്വരം ക്ഷേത്രത്തിലെ ശിവലിംഗം 111.2 അടി ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു. മുമ്പ്, കര്‍ണാടകയിലെ കോടിലിംഗേശ്വര ക്ഷേത്രത്തിലെ 108 അടി ഉയരമുള്ള ശിവലിംഗമായിരുന്നു രാജ്യത്തെ ഏറ്റവും ഉയരം കൂടിയത്. ശിവലിംഗത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത് 2012 ല്‍ ആണ്. ശിവലിംഗത്തിന്റെ ഉയരം 10നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരത്തിന് തുല്യമാണ്. ഇത് പൂര്‍ത്തിയാക്കാന്‍ 6 വര്‍ഷമെടുത്തു. അതിന്റെ ഉയരം മാത്രമല്ല, അതിന്റെ സവിശേഷമായ സിലിണ്ടര്‍ ഘടനയും അതിനുള്ളില്‍ മറഞ്ഞിരിക്കുന്ന ശ്രദ്ധേയമായ ആശ്ചര്യങ്ങളും അതിശയകരമാണ്.
കാശി , ഗംഗോത്രി , ഋഷികേശ് , രാമേശ്വരം , ധനുഷ്‌കോടി , ബദരീനാഥ് , ഗോമുഖ് , കൈലാഷ് തുടങ്ങിയ പുണ്യസ്ഥലങ്ങളില്‍ നിന്നുള്ള വെള്ളവും മണലും മണ്ണുംകൊണ്ടാണ് ഈ ശിവലിംഗം നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍, ചെങ്കല്‍ മഹേശ്വരം ശ്രീ ശിവപാര്‍വ്വതി ക്ഷേത്രത്തിലെ ശിവലിംഗം ഒരു ദൈവിക ഘടനയാണെന്ന് പറയപ്പെടുന്നു. ഈ ശിവലിംഗത്തിന്റെ ഉളളില്‍ നമുക്ക് കയറാന്‍ സാധിക്കും. മനുഷ് ശരീരത്തിലെ ആറു വ്യത്യസ്ത ചക്രങ്ങളെ ആധാരമാക്കി നിര്‍മ്മിച്ച ആറു ധ്യാനമുറികള്‍ ഈ മഹാശിവലിംഗത്തിനുള്ളില്‍ ഉണ്ട്. വ്യത്യസ്തങ്ങളായ ധര്‍മ്മങ്ങളും ഫലങ്ങളുമാണ് ഈ ആറു ധ്യാനമുറികള്‍ക്കും ഉള്ളത്.
ആറു ധ്യാനമുറികള്‍ കൂടാതെ ഏറ്റവും താഴേയും ഏറ്റവും മുകളിലുയമായി രണ്ടു ഹാളുകള്‍ കൂടിയുണ്ട്. അതില്‍ ഏറ്റവും താഴെയുള്ളതില്‍ ഒരു ശിവലിംഗം കാണാം. ഇവിടെ നിന്നും ആറു ധ്യാനമുറികളലൂടെ കയറിഏറ്റവും മുകളില്‍ കൈലാസം എന്നു പേരായ മുറിയിലെത്തുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മ്മാണം. ഒരു ഗുഹയ്ക്കുള്ളില്‍ എന്നതു പോലെയാണ് ഇവിടേക്കുള്ള യാത്ര. 108 വ്യത്യസ്ത ശിവലിംഗങ്ങളും ശിവന്റെ 64 ഭാവങ്ങളും ഈ ശിവലിംഗത്തിനുള്ളില്‍ പലഭാഗങ്ങളായി കാണാന്‍ കഴിയും. ക്ഷേത്രത്തിലെ ശ്രീകോവിലിലേക്കുള്ള കവാടത്തില്‍ രാശിചക്രങ്ങള്‍ വരച്ചിരിക്കുന്നത് കാണാം. ശിവനും പാര്‍വ്വതിയുമാണ് ഈ ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്ന അര്‍ത്ഥമാണ് ഈ രാശിചക്രങ്ങള്‍ സൂചിപ്പിക്കുന്നത്. നാലു കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഓരോ കവാടത്തിന്റെയും മുകളില്‍ ഓരോ ഗോപുരവും കാണാം.
ശിവനെയും പാര്‍വ്വതിയെയും പ്രധാന ദേവന്‍മാരായി ആരാധിക്കുന്ന ഇവിടെ ഗണേശനും കാര്‍ത്തികേയനുമാണ് ഉപദേവതകള്‍. ലോകത്തിയായാണ് ഇവിടുത്തെ ശിവനും പാര്‍വ്വതിയും അറിയപ്പെടുന്നത്. ശിവനോടൊപ്പം പാര്‍വ്വതിയും ഗണേശനും കാര്‍ത്തികേയനും ഒരുമിച്ചുള്ളതിനാല്‍ ശിവപരിവാര്‍ അഥവാ ശിവകുടുംബമായും ഈ ക്ഷേത്രത്തെ കണക്കാക്കുന്നു. തിരുവനന്തപുരത്തു നിന്നും 29.7 കിലോമീറ്റര്‍ അകലെ ചെങ്കല്‍ എന്നു പേരായ സ്ഥലത്താണ് മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നെയ്യാറ്റിന്‍കരയോട് ചേര്‍ന്നാണ് ഇവിടമുള്ളത്. തിരുവന്തപുരത്തു നിന്നും ഇവിടെ എത്താന്‍ ഒന്നേകാല്‍ മണിക്കൂര്‍ സമയമാണ് സഞ്ചരിക്കേണ്ടത്.
story highlights: Chenkal Maheswaram Shiva Parvathy Temple, Thiruvananthapuram