കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയും മലയാളിയുമായ ജോര്‍ജ് കുര്യന്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന മധ്യപ്രദേശില്‍ സീറ്റിലാണ് ജോര്‍ജ് കുര്യന്‍ മത്സരിക്കുന്നത്. അദ്ദേഹം ബുധനാഴ്ച രാവിലെ ഭോപാലില്‍ എത്തി പത്രിക സമര്‍പ്പിച്ചു. സെപ്റ്റംബര്‍ മൂന്നിനാണ് തിരഞ്ഞെടുപ്പ്. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോല്‍പ്പാദനം, ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രിയായ കുര്യന്‍ ബുധനാഴ്ച രാവിലെ ഭോപ്പാലിലെത്തിയപ്പോള്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ വി ഡി ശര്‍മ അദ്ദേഹത്തെ സ്വീകരിച്ചു. അതിന് ശേഷം മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ തലസ്ഥാനത്തെ ഔദ്യോഗിക വസതിയില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി യാദവ്, ഉപമുഖ്യമന്ത്രിമാരായ രാജേന്ദ്ര ശുക്ല, ജഗദീഷ് ദേവ്ദ, സംസ്ഥാന ബിജെപി അധ്യക്ഷന്‍ ശര്‍മ എന്നിവരുടെ സാന്നിധ്യത്തില്‍ അദ്ദേഹം പിന്നീട് സംസ്ഥാന നിയമസഭാ സമുച്ചയത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതായി പാര്‍ട്ടി വക്താവ് ആശിഷ് അഗര്‍വാള്‍ പറഞ്ഞു.
ഈ വര്‍ഷം ആദ്യം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഗുണ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി സിന്ധ്യ രാജ്യസഭാ സീറ്റ് ഒഴിഞ്ഞു. ഒന്‍പത് സംസ്ഥാനങ്ങളിലായി ഒഴിവുള്ള 12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മൂന്നിന് നടക്കും. ധ്യപ്രദേശിലെ 11 രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണം കോണ്‍ഗ്രസിനും ഏഴെണ്ണം ബിജെപിക്കും ഒപ്പമാണ്. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷവും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍, മധ്യപ്രദേശ് നിയമസഭയിലെ ബിജെപിയുടെ ശക്തി കണക്കിലെടുത്ത് കേരളത്തില്‍ നിന്നുള്ള നേതാവ് കുര്യന് അനായാസമായി വിജയിക്കാം. 230 അംഗ നിയമസഭയില്‍ ബിജെപിക്ക് 163 എംഎല്‍എമാരുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസിന് 64, ഭാരത് ആദിവാസി പാര്‍ട്ടിക്ക് (ബിഎപി) 1 എന്നിങ്ങനെയാണ് കക്ഷിനില. 2 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.