ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ കോളിളക്കങ്ങളാണ് മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16 ന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നവയായിരുന്നു. അതുമായി ബന്ധപ്പെട്ട് ഇപ്പോളും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
എന്നാല്‍ റിപ്പോര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി തനുശ്രീ ദത്ത. ഒരു ഉപകാരവുമില്ലാത്ത റിപ്പോര്‍ട്ടാണിതെന്നും തനുശ്രീ പ്രതികരിച്ചു. ഈ കമ്മിറ്റികളെക്കുറിച്ചും റിപ്പോര്‍ട്ടുകളെക്കുറിച്ചും തനിക്ക് മനസിലാവുന്നില്ലെന്ന് അവര്‍ പറഞ്ഞു. അതെല്ലാം ഉപയോഗശൂന്യമാണെന്നാണ് തോന്നുന്നതെന്നും 2017-ല്‍ നടന്ന ഒരു സംഭവത്തിനെത്തുടര്‍ന്നുണ്ടായ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അവര്‍ ഏഴു വര്‍ഷമെടുത്തെന്നും തനുശ്രീ ദത്ത പ്രതികരിച്ചു.
‘ഈ പുതിയ റിപ്പോര്‍ട്ട് ശരിക്ക് എന്താണ് ഉദ്ദേശിക്കുന്നത്? പ്രതികളെ പിടികൂടി ശക്തമായ ക്രമസമാധാന സംവിധാനം ഏര്‍പ്പെടുത്തുക മാത്രമാണ് അവര്‍ ചെയ്യേണ്ടിയിരുന്നത്. ഇത്രയധികം മാര്‍ഗനിര്‍ദേശങ്ങളുമായി വന്ന് പേജുകളും റിപ്പോര്‍ട്ടുകളും തയ്യാറാക്കിയ വിശാഖ കമ്മിറ്റിയെക്കുറിച്ച് ഈയവസരത്തില്‍ ഓര്‍ക്കുന്നു. പക്ഷേ അതിനുശേഷം എന്താണ് സംഭവിച്ചത്? കമ്മിറ്റികളുടെ പേരുകള്‍ മാത്രം മാറിക്കൊണ്ടിരുന്നു.’ തനുശ്രീ ദത്ത പറഞ്ഞു. ന്യൂസ് 18-യുടെ ഷോ ഷാ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു തനുശ്രീ ദത്ത ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യയിലെ മീ ടൂ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നടിയായിരുന്നു തനുശ്രീ ദത്ത. 2018-ല്‍ നടന്‍ നാനാ പടേക്കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് തനുശ്രീ ഉന്നയിച്ചത്. തുടര്‍ന്ന് നിരവധി നടിമാര്‍ മീ ടൂ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
STORY HIGHLIGHTS: Tanushree Dutta against Hema Committee Report