Kerala

ശബരിമല ഭസ്‌മക്കുളം; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി

ശബരിമല ഉന്നതാധികാര സമിതിയെ അറിയിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതിന് ഭസ്മക്കുളത്തിന്റെ തുടർ പ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി. സന്നിധാനത്തെ പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മ്മാണം രണ്ടാഴ്ചത്തേക്ക് തടാഞ്ഞാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ദിവസവും ഒട്ടേറെ ഭക്തര്‍ വരുന്നയിടമാണ് ശബരിമല എന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, പി.ജി.അജിത് കുമാര്‍ എന്നിവര്‍, ഇത്തരത്തില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ദേവസ്വം ബോര്‍ഡും പ്രസിഡന്റും ചേര്‍ന്ന് തീരുമാനമെടുത്താല്‍ പോരാ എന്നും വ്യക്തമാക്കി. പൊലീസ്, സ്‌പെഷല്‍ കമ്മീഷണര്‍, ശബരിമല ഉന്നതാധികാര സമിതി എന്നിവരുമായി കൂടിയാലോചന നടത്തി വേണം ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനെന്നും കോടതി പറഞ്ഞു. ഉന്നതാധികാര സമിതിയോട് ആലോചിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത് ശരിയായ പ്രവണതയല്ലെന്നും ദേവസ്വം ബെഞ്ച് വിമര്‍ശിച്ചു. ഭസ്മക്കുളം മാറ്റുന്ന കാര്യം സ്‌പെഷല്‍ കമ്മിഷണറെ അറിയിച്ചിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. കേസില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബോര്‍ഡ് സാവകാശം തേടി. തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടത്. രണ്ടാഴ്ചയ്ക്കുശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും. മറ്റൊരിടത്തുള്ള യഥാര്‍ഥ ഭസ്മക്കളത്തിന്റെ നിലവിലെ അവസ്ഥ എന്താണെന്നും കോടതി ആരാഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച ശബരിമല സന്നിധാനത്ത് പുതിയ ഭസ്മക്കുളം നിര്‍മ്മാണത്തിനായി കല്ലിട്ടിരുന്നു.