കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസ്സുകാരിയായ പെണ്‍കുട്ടി നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയതായിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇന്നലെ ഉച്ചയോടെ ട്രെയിനില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി സ്റ്റേഷനില്‍നിന്ന് കുപ്പിയില്‍ വെള്ളം നിറച്ചശേഷം അതേ ട്രെയിനില്‍ തന്നെ കയറി യാത്രതുടരുകയായിരുന്നു. പെണ്‍കുട്ടി കന്യാകുമാരിയില്‍ എത്തിയെന്ന നിഗമനത്തിലാണ് നിലവില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കേരള പോലീസിന് പുറമേ തമിഴ്നാട് പോലീസും റെയില്‍വേ പോലീസും ആര്‍.പി.എഫും കന്യാകുമാരിയിലും പരിസരപ്രദേശങ്ങളിലും തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍, ബുധനാഴ്ച രാവിലെ മുതല്‍ കന്യാകുമാരി മേഖലയില്‍ തിരച്ചില്‍ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല. കുട്ടിയെ കാണാതായ വിവരം മാതാപിതാക്കള്‍ വൈകീട്ട് നാലോടെ കഴക്കൂട്ടം പോലീസില്‍ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ട് ട്രെയിനിലെ യാത്രക്കാരി കുട്ടിയുടെ ചിത്രം ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് കാണാതായ തസ്മീന്‍ തന്നെയാണെന്ന് കുടുംബവും പോലീസും സ്ഥിരീകരിച്ചു. ഇതോടെയാണ് കന്യാകുമാരി കേന്ദ്രീകരിച്ച് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.
കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീന്‍ ബീഗത്തെയാണ് ചൊവ്വാഴ്ച രാവിലെ 10-മണിയോടെ കാണാതായത്. രാവിലെ സഹോദരിമാരുമായി വഴക്കിട്ടപ്പോള്‍ മാതാപിതാക്കള്‍ തസ്മീനെ ശകാരിച്ചിരുന്നു. തുടര്‍ന്ന് അവര്‍ ജോലിക്കു പോയി. ഉച്ചയ്ക്ക് തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നു മനസ്സിലായത്. സംഭവം അറിഞ്ഞയുടന്‍തന്നെ കഴക്കൂട്ടം പോലീസ് മറ്റ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറി. സി.സി.ടി.വി.യും മറ്റും പരിശോധിച്ചാണ് പോലീസ് തിരച്ചില്‍ ആരംഭിച്ചത്. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അസമീസ് ഭാഷ മാത്രമേ കുട്ടിക്കറിയൂവെന്ന് മാതാപിതാക്കള്‍ പറയുന്നു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9497960113 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ്.
Content Highlights; The police received CCTV footage of the 13-year-old girl who went missing from Kazhakoottam