നാഗങ്ങളെ ദൈവമായി ആരാധിക്കുന്ന നാടാണ് നമ്മുടേത്. നാഗങ്ങള്‍ക്ക് വേണ്ടിയുള്ള ക്ഷേത്രങ്ങള്‍ ഇന്ത്യയില്‍ പലയിടത്തുമുണ്ട്. എന്നാല്‍ നാഗത്തിന്‍റെ ആകൃതിയില്‍ പണിത ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? വിശ്വാസികളുടെ മാത്രമല്ല, വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമാണിത്. തെലങ്കാനയിലെ രാജന്ന സിർസില്ല ജില്ലയില്‍, വെമുലവാഡ- കരിംനഗർ ഹൈവേയിൽ, വെമുലവാഡ ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റര്‍ പോയാല്‍ നാമ്പള്ളി ഗുട്ട എന്ന പ്രകൃതിമനോഹരമായ പ്രദേശത്തെത്തും. എവിടെ നോക്കിയാലും പച്ചപ്പ്. അവയ്ക്കിടയില്‍ വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഓറഞ്ച് നിറമുള്ള ഭീമാകാരമായ സര്‍പരൂപം കണ്ടെത്താന്‍ വലിയ പ്രയാസമില്ല. ആദ്യകാഴ്ചയില്‍ തന്നെ ഈ നാഗം എല്ലാവരുടെയും മനംകവരും. മഹാവിഷ്ണുവിന്‍റെ അവതാരമായ ലക്ഷ്മി നരസിംഹത്തിന് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമുണ്ട് നാമ്പള്ളി ഗുട്ടയില്‍.
ഒരു ചെറിയ കുന്നിൻ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സന്ദർശകർക്ക് താഴെയുള്ള പാർക്കിംഗ് ഏരിയയിൽ നിന്ന് മുകളിലേക്ക് പടികൾ കയറി വേണം ഇവിടേക്ക് എത്താന്‍. ചെറിയ കുത്തനെയുള്ള കയറ്റം പൂര്‍ത്തിയാക്കാന്‍ 15 മിനിറ്റ് വരെ സമയമെടുക്കും.നരസിംഹ ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് നാഗത്തിന്‍റെ രൂപത്തില്‍ പണിതിരിക്കുന്ന നാഗദേവതാക്ഷേത്രം. സന്ദർശകർക്ക് പാമ്പിന്‍റെ വയറിലൂടെ ശ്രീകോവിലിലേക്ക് പ്രവേശിക്കാം. നീളമുള്ള, വളഞ്ഞുപുളഞ്ഞ ഈ തുരങ്കത്തിനുള്ളില്‍ പ്രഹ്ലാദന്‍റെയും ഹിരണ്യകശിപുവിന്‍റെയും കഥ വിവരിക്കുന്ന പ്രതിമകളുണ്ട്. തുരങ്കത്തിന്‍റെ അവസാനഭാഗത്ത്, ഹിന്ദുപുരാണമനുസരിച്ച്, അസുരരാജാവായ ഹിരണ്യകശിപുവിനെ വധിക്കുന്ന നരസിംഹത്തിന്‍റെ പ്രതിമയുണ്ട്. നാഗദേവതയുടെ ഏതാനും പുരാതന വിഗ്രഹങ്ങളും ഇവിടെയുണ്ട്. ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തിൽ, ഒരു തൂണിൽ നിന്ന് പുറത്തേക്ക് പോകുന്ന നരസിംഹത്തിന്‍റെ പ്രതിമ കാണാം.
ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിനു മുകളില്‍ നിന്ന് നോക്കുമ്പോള്‍, അതിസുന്ദരമായ കാഴ്ചയാണ് ഈ നഗക്ഷേത്രം. ഒപ്പം വെമുലവാഡ പട്ടണത്തിന്‍റെ വിശാലമായ ദൃശ്യവും ഗോദാവരി നദീതടവും, ഹരിതാഭയാര്‍ന്ന കുന്നുകളുമെല്ലാം കാണാം. സന്ദര്‍ശകര്‍ക്ക് രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 വരെ ക്ഷേത്രം സന്ദര്‍ശിക്കാം. നരസിംഹക്ഷേത്രം കൂടാതെ, ശ്രീ രാജ രാജേശ്വര സ്വാമി ക്ഷേത്രം, ശ്രീ ഭീമേശ്വര സ്വാമി ക്ഷേത്രം, ബഡ്ഡി പോച്ചമ്മ ക്ഷേത്രം എന്നിവയും വെമുലവാഡയില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളാണ്. ഇന്നത്തെ തെലങ്കാന, ആന്ധ്രാപ്രദേശ് , കർണാടക എന്നിവയുടെയും എട്ടാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിൽ മഹാരാഷ്ട്രയുടെയും ഭാഗങ്ങൾ ഭരിച്ചിരുന്ന വെമുലവാഡ ചാലൂക്യരുടെ തലസ്ഥാനമായിരുന്നു ഈ പ്രദേശം. ദക്ഷിണേന്ത്യയിൽ നിന്നും മഹാരാഷ്ട്ര, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നും ധാരാളം തീർത്ഥാടകര്‍ ഇവിടേക്ക് എത്താറുണ്ട്. മഹാശിവരാത്രിയിലും ശ്രീരാമനവമിയിലും ഇവിടേക്കുള്ള ഭക്തരുടെ എണ്ണം കൂടുന്നു.
STORY HIGHLLIGHTS : Narashimha Swamy Temple Snake Temple in Nampally Gutta