പേടിപ്പെടുത്തുന്ന ദുരൂഹത നിറഞ്ഞ ഒരുപാട് സ്ഥലങ്ങളെ കുറിച്ചുള്ള കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും. അത്തരത്തിൽ ഒരു കോട്ടയാണ് ഭംഗാർ. ഇന്ത്യയിലെയോ ഏഷ്യയിലെ തന്നെയോ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്ന്. രാജാ ഭഗവന്ത് ദാസ് തന്റെ ഇളയ മകൻ മധോ സിങ്ങിനായി പണികഴിപ്പിച്ച കോട്ട. മനോഹരമായ വാസ്തുവിദ്യ കൊണ്ട് സമ്പന്നമാണ് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഭംഗാർ കോട്ട. ഭയപ്പാടിന്റെ അന്തരീക്ഷമാണ് ഈ കോട്ടയ്ക്ക്. രാജസ്ഥാനിലെ അൽവാർ ജില്ലയിൽ സരിസ്ക കടുവ സംരക്ഷണ കേന്ദ്രത്തിനു സമീപമുള്ള ഒരു കൊച്ചു ഗ്രാമമാണ് ഭംഗാർ. നൂറ്റാണ്ടിൽ ഇവിടം ഭരിച്ചിരുന്ന മധോ സിംഗ് ഒന്നാമനാണ് ഭംഗാര്‍ കോട്ട നിര്‍മിക്കുന്നത്. ഭംഗാർ കോട്ടയിലെയും ഗ്രാമത്തിലെയും കെട്ടിടങ്ങൾക്ക് ശാപം കിട്ടിയതാണെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.
ഭംഗാർ കോട്ടയിന്നു ഏറെക്കുറെ തകർന്ന നിലയിലാണ്. ഗോലാ കാ ബാസാണ് കോട്ടയ്ക്കു ഏറ്റവുമടുത്തുള്ള ജനവാസമുള്ളയിടം. ഡൽഹിയിൽ നിന്നും ഏകദേശം 235 കിലോമീറ്റർ ദൂരത്തായാണ് കോട്ട. ഭംഗാർ കോട്ടയെ ചുറ്റിപ്പറ്റി നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. കോട്ടയ്ക്കുള്ളിലെ പട്ടണത്തിൽ തന്റെ വീടിനു മുകളിൽ മറ്റൊരു വീടിന്റെയും നിഴൽ പോലും വീഴരുതെന്നു ശഠിച്ച ഒരാളുടെ പ്രവർത്തികളാണ് ഭംഗാർ കോട്ടയെ ഈ നിലയിലെത്തിച്ചതെന്നാണ് പലരും പറയുന്നത്. ഭംഗാർലെ രാജകുമാരിയെ സ്നേഹിച്ച ദുർമന്ത്രവാദിയുടെ ശാപമാണ് കോട്ടയുടെ തകർച്ചയ്ക്കു കാരണമെന്നു വിശ്വസിക്കുന്നവരും ധാരാളമാണ്. അഞ്ച് പടുകൂറ്റൻ വാതിലുകളുള്ള മൂന്നു കോട്ടമതിലുകൾ കടന്നുവേണം ഭംഗാർ കോട്ടയുടെ ഉള്ളിൽ എത്താൻ. കോട്ടയ്ക്കുള്ളിൽ വിവിധ ഹവേലികളുടെയും ക്ഷേത്രങ്ങളുടെയും കച്ചവട കേന്ദ്രങ്ങളുടെയും അവശിഷ്ടങ്ങൾ ഇന്നും കാണാം. ക്ഷേത്രങ്ങൾ ഒഴിച്ച് മറ്റ് കെട്ടിടാവശിഷ്ടങ്ങൾക്കൊന്നും മേൽക്കുര ഇല്ല, അത് ഈ കോട്ടയെ ‘മോസ്റ്റ് ഹോണ്ടഡ്’ ആക്കുന്ന കഥയിലെ ശാപം മൂലമാണെന്നാണ് വിശ്വസിക്കുന്നത്.
കോട്ടയ്ക്കുള്ളിൽ കയറിയവരുടെ അനുഭവങ്ങളും വിചിത്രമാണ്. അവിടം മുഴുവൻ നെഗറ്റിവിറ്റിയാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. കോട്ടയ്ക്കുള്ളിൽ കയറുമ്പോഴേക്കും മറ്റേതോ യുഗത്തിലേക്ക് എത്തപ്പെട്ട പോലെയാണ് തോന്നുക. എന്നിരുന്നാലും സാഹസിക പ്രേമികളെയും ഗോസ്റ്റ് ബസ്റ്റേഴ്സിനെയും കോട്ടയിൽ എത്തുന്നതിൽ നിന്നു പിന്തിരിക്കാനായിട്ടില്ല.രാത്രിയിൽ കോട്ടയ്ക്കകത്തേക്കു പോകാൻ ധൈര്യപ്പെട്ട മൂന്നു ചെറുപ്പക്കാർക്കു സംഭവിച്ചതും നാട്ടുകാർ ഏറെ ഭയത്തോടെയാണ് പറയുന്നത്. കൈയ്യിൽ ഫ്ലാഷ്‌ലൈറ്റ് ഉണ്ടായിരുന്നിട്ടും മൂവർ സംഘത്തിലൊരാൾ കോട്ടയ്ക്കകത്തെ കിണറ്റിൽ വീണു. പരുക്കേറ്റ കൂട്ടുകാരനുമായി ആശുപത്രിയിലേയ്ക്കു പുറപ്പെട്ടെങ്കിലും യാത്രാമദ്ധ്യേ ദുരൂഹ സാഹചര്യത്തിൽ മൂന്നു പേരും കൊല്ലപ്പെട്ടു.കോട്ടയ്ക്കുള്ളിൽ രാത്രിയിൽ കടന്നവരാരും തന്നെ പുറത്തിറങ്ങിയിട്ടില്ല. ഇരുളിന്റെ മറവിൽ എന്താണ് നടക്കുന്നതെന്നു വെളിവായിട്ടുമില്ല. പ്രേതമുണ്ടെങ്കിലും ഇല്ലെങ്കിലും സൂര്യാസ്തമയത്തിനു ശേഷം കോട്ടയിലേക്കു ആർക്കും പ്രവേശനമില്ല.
STORY HIGHLLIGHTS: Mystery behind Bhangarh Fort