റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചമ്പായ് സോറന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ജെ.എം.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായതിന് പിന്നാലെയാണ് പുതിയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് സോറന്‍ അനുകൂലമായി പ്രതികരിച്ചത്.
പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെ.എം.എം) നേതാവായി പ്രവര്‍ത്തിച്ച ചമ്പായ് സോറന്‍ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടിയുമായുള്ള അതൃപ്തിയെപ്പറ്റി പരസ്യമായി പ്രതികരിക്കുന്നത്. പാർട്ടിയിൽ നേരിടേണ്ടി വന്ന അപമാനങ്ങളും തിരസ്കാരങ്ങളും മറ്റൊരു വഴി തെരഞ്ഞെടുക്കാന്‍ തന്നെ നിർബന്ധിതനാക്കുന്നതായി അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
‘എനിക്ക് മുന്നില്‍ മൂന്ന് വഴികളാണുള്ളത്. അതില്‍ ആദ്യത്തേത് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുക, രണ്ടാമത്തേത് മറ്റൊരു സംഘടന രൂപീകരിക്കുക, മൂന്നാമത്തേത് ഏതെങ്കിലും സഖ്യകക്ഷിയെ കണ്ടെത്തി അവരുമായി ചേര്‍ന്ന് മുന്നോട്ട് പോവുക. ഈ യാത്രയില്‍ എനിക്ക് മുന്നില്‍ അവസരങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്,’ ചമ്പായ് സോറന്‍ എക്‌സില്‍ കുറിച്ചു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പുതിയൊരു പാർട്ടി രൂപവത്കരിക്കാൻ മതിയായ സമയമുണ്ടോയെന്ന ചോദ്യത്തിന്, അത് പ്രശ്‌നമല്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഒറ്റ ദിവസം മാത്രം 30,000-40,000 പ്രവർത്തകർ എത്തുകയാണെങ്കിൽ ഒരു പുതിയ പാർട്ടി രൂപവത്കരിക്കുന്നതിന് എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. പാർട്ടിയിൽ നേരിട്ട അപമാനവും തിരസ്കാരവുമാണ് മറ്റൊരു പാത തെരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റു ചെയ്തതിനെത്തുടർന്ന് ഹേമന്ത് സോറൻ രാജിവച്ചപ്പോഴാണ് ചമ്പായ് സോറൻ മുഖ്യമന്ത്രിയായത്. അഞ്ചു മാസത്തിനുശേഷം ജാമ്യം ലഭിച്ച് ഹേമന്ത് സോറൻ തിരിച്ചെത്തിയതോടെയാണ് അദ്ദേഹ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. ഇതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമാണെങ്കിലും അധികാര തകർക്കവുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനുമായി അകൽച്ചയിലാണ്.