Sports

ജര്‍മൻ ഗോള്‍മുഖത്തെ വന്‍മതില്‍; മാന്യുവല്‍ ന്യൂയർ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചു

മ്യൂണിക്: ജർമൻ ഇതിഹാസ ഗോൾകീപ്പർ മാനുവൽ ന്യൂയർ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചു. ഒന്നര ദശാബ്ദത്തിലേറെ ജര്‍മൻ ഗോള്‍വല കാത്ത വന്‍മതിലായിരുന്നു ഈ 38കാരൻ. ജർമനിയുടെ എക്കാലത്തെയും മികച്ച ഗോൾകീപ്പർ എന്ന തിളക്കത്തോടെയാണ് താരം ദേശീയ ടീമിനോട് വിടപറയുന്നത്. ബയേൺ മ്യൂണിക്കിനായി ക്ലബ് ഫുട്ബാളിൽ തുടരും.

124 മത്സരങ്ങളില്‍ ജർമനിയുടെ ഗോള്‍ മുഖം കാത്ത ന്യൂയര്‍ നാലു ലോകകപ്പിലും നാലു യൂറോ കപ്പിലും ജര്‍മനിയുടെ കാവല്‍ക്കാരനായിരുന്നു. 2014ലെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ന്യൂയര്‍ ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം നേടി.

യൂറോ കപ്പിനുശേഷം ടോണി ക്രൂസ്, തോമസ് മുള്ളര്‍, ഇകായ് ഗുണ്ടോഗൻ എന്നിവര്‍ക്ക് പിന്നാലെ ജര്‍മന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്ന നാലാമത്തെ താരമാണ് മാന്യുവല്‍ ന്യൂയര്‍. 2026ലെ ലോകകപ്പ് വരെ 38കാരനായ ന്യൂയര്‍ തുടര്‍ന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഇതിഹാസതാരം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

വിരമിക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്നും മാറക്കാനയില്‍ അര്‍ജന്‍റീനയെ തോല്‍പ്പിച്ച് നേടിയ ലോക കിരീടമാണ് തന്‍റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമെന്നും ന്യൂയര്‍ പറഞ്ഞു. ഈ വര്‍ഷം യൂറോ കപ്പ് ക്വാര്‍ട്ടറില്‍ സ്പെയിനിനെതിരെ ജര്‍മനി തോറ്റ് പുറത്തായ മത്സരമാണ് ദേശീയ കുപ്പായത്തില്‍ ന്യൂയറുടെ അവസാന മത്സരം. ന്യൂയര്‍ വിരമിച്ചതോടെ ബാഴ്സലോണ ഗോൾ കീപ്പര്‍ അന്ദ്രെ ടെര്‍സ്റ്റെഗനാക് ജര്‍മനിയുടെ ഒന്നാം നമ്പര്‍ ഗോൾ കീപ്പറാകും.