കീവ്: റഷ്യയുമായി ബന്ധമുള്ള ഓർത്തഡോക്‌സ് സഭയെ നിരോധിക്കാൻ നിയമനിർമാണം നടത്തി യുക്രെയ്ൻ. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിന് യുക്രേനിയൻ ഓർത്തഡോക്സ് ചർച്ച് കൂട്ടുനിന്നതായി ആരോപിച്ചാണ് നടപടി.
ചൊവ്വാഴ്ച ചേർന്ന പാർലമെൻ്റ് യോഗത്തിൽ 29നെതിരെ 265 വോട്ടുകൾക്കാണ് നിയമം പാസാക്കിയത്. ഈ നീക്കത്തെ യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പിന്തുണച്ചു. ഇത് തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വെര്‍ഖോവ്‌ന റാഡയുടെ പ്രവര്‍ത്തനം ശ്രദ്ധിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ആത്മീയ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു നിയമം അംഗീകരിച്ചുവെന്നും സെലെന്‍സ്‌കി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. യുക്രെയ്നെയും സമൂഹത്തെയും ശക്തിപ്പെടുത്തുന്നത് സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നിയമ വിരുദ്ധമായ പ്രവൃത്തിായണ് യുക്രൈയ്ന്‍ ചെയ്തതെന്നും മനഃസാക്ഷി സ്വാതന്ത്ര്യത്തിന്റേയും മനുഷ്യാവകാശങ്ങളുടേയും അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നുമാണ് ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വക്താവ് വ്ളാഡിമിര്‍ ലെഗോയ്ഡ പറഞ്ഞത്.
യുക്രൈനിലെ ക്രിസ്തുമത വിശ്വാസികളിലധികവും ഓർത്തഡോക്സ് സഭാംഗങ്ങളാണ്. റഷ്യൻ ഓർത്തഡോക്സ് ചർച്ചുമായി ബന്ധമുള്ള യുക്രേനിയൻ ഓർത്തഡോക്സ് ചർച്ച് (UOC) ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ, 2019ൽ ഇത് പിളർന്ന് യുക്രെയ്ൻ സ്വതന്ത്ര ഓർത്തഡോക്സ് ചർച്ച് നിലവിൽ വന്നു.