Travel

പ്രേത ബംഗ്ലാവിൽ താമസിക്കാൻ ആഗ്രഹമുണ്ടോ; നിഗൂഢതകൾ നിറഞ്ഞ മോര്‍ഗന്‍ ഹൗസ് | Morgan House Haunted places in Kalimpong

ബ്രിട്ടിഷ് പ്രഭുവായിരുന്ന ജോര്‍ജ് മോര്‍ഗനാണ് 1930 കളില്‍ മോര്‍ഗന്‍ ഹൗസ് എന്ന ബംഗ്ലാവ് നിര്‍മിക്കുന്നത്

പഴയ ബംഗ്ലാവുകളിലൊക്കെ പ്രേതബാധയുണ്ടെന്നും അമാനുഷികമായ നിരവധി കാര്യങ്ങൾ ഇവിടങ്ങളിൽ നടക്കാറുണ്ടെന്നും നാം പല കഥകളും കേട്ടിട്ടുണ്ടാകാം. ഇതൊക്കെ സത്യമാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. അത്തരത്തിൽ നിഗൂഢത നിറഞ്ഞ ഒരിടമാണ് മോര്‍ഗന്‍ ഹൗസ്. ബ്രിട്ടിഷുകാര്‍ നിര്‍മിച്ച മോര്‍ഗന്‍ ഹൗസ് എന്ന ബംഗ്ലാവും ഇങ്ങനെയുള്ള കഥകളാല്‍ സമ്പന്നമാണ്. വിനോദ സഞ്ചാരികള്‍ക്ക് ഇവിടുത്തെ സൗകര്യങ്ങള്‍ ആസ്വദിക്കാനും താമസിക്കാനും അവസരമുണ്ട്. ബ്രിട്ടിഷ് പ്രഭുവായിരുന്ന ജോര്‍ജ് മോര്‍ഗനാണ് 1930 കളില്‍ മോര്‍ഗന്‍ ഹൗസ് എന്ന ബംഗ്ലാവ് നിര്‍മിക്കുന്നത്. ബ്രിട്ടിഷ് കൊളോണിയല്‍ വാസ്തുശില്‍പ രീതിയില്‍ പണിത ഈ ബംഗ്ലാവ് ബംഗാളിലെ കാലിംപോങിലാണ് സ്ഥിതി ചെയ്യുന്നത്.

ബംഗാള്‍ ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷനാണ് ഇതിന്റെ സംരക്ഷണ ചുമതല. മോര്‍ഗന്‍ ഹൗസില്‍നിന്നു കാഞ്ചന്‍ജംഗ മലനിരകള്‍ വരെ കാണാനാകുന്ന പ്രദേശത്തേക്ക് വെറും ഏഴു മിനിറ്റിന്റെ ഡ്രൈവ് മാത്രമേയുള്ളൂ. കാലിംപോങ് കന്റോണ്‍മെന്റ് ഏരിയയിലാണ് ഈ ബംഗ്ലാവും എസ്‌റ്റേറ്റും സ്ഥിതി ചെയ്യുന്നത്. റെല്ലി, കാഫെര്‍, ഡോലോ, ലാഭ തുടങ്ങി പല താഴ്‌വരകളും ഇവിടെനിന്നാൽ കാണാം. ന്യൂ ജല്‍പയ്ഗുരിയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. പക്യോങ്ങിലാണ് അടുത്തുള്ള വിമാനത്താവളം. സിന്‍ഗമാരി ടൂറിസ്റ്റ് ലോഡ്ജ് എന്നും ഡുര്‍പിന്‍ ടൂറിസ്റ്റ് ലോഡ്ജ് എന്നുമൊക്കെയാണ് മുൻപു മോര്‍ഗന്‍ ഹൗസ് അറിയപ്പെട്ടിരുന്നത്.

ബ്രിട്ടിഷ് വ്യാപാരിയായിരുന്ന ജോർജ് മോർഗൻ ഇന്ത്യയിലെ തോട്ടമുടമയായ ഒരു സ്ത്രീയെ വിവാഹം കഴിച്ചു. ഇവരുടെ വേനല്‍കാല വസതിയായിട്ടാണ് ഈ ബംഗ്ലാവ് നിര്‍മിക്കുന്നത്. 1947ല്‍ ഇന്ത്യ സ്വതന്ത്രമായതോടെ മോര്‍ഗന്‍ ഹൗസ് സര്‍ക്കാര്‍ അധീനതയിലാവുകയായിരുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചും മോര്‍ഗന്‍ ഹൗസിന് കഥകള്‍ പറയാനുണ്ട്. 1962ല്‍ നെഹ്‌റു അസുഖബാധിതനായപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ റസ്റ്റ് ഹൗസുകളിലൊന്നായ മോര്‍ഗന്‍ ഹൗസിലാണ് വിശ്രമജീവിതത്തിനായി എത്തിയത്. പിന്നീട് 1965 ലാണ് ബംഗാള്‍ ടൂറിസം വകുപ്പിന് ബംഗ്ലാവ് കൈമാറുന്നത്. പിന്നീടിത് സഞ്ചാരകൾക്കു താമസിക്കാവുന്ന ഹോട്ടലായി. ഓണ്‍ലൈന്‍ വഴിയും മോര്‍ഗന്‍ ഹൗസിലെ താമസം ബുക്ക് ചെയ്യാനാകും.

STORY HIGHLLIGHTS: Morgan House Haunted places in Kalimpong