Kerala

മുണ്ടക്കൈ ഉരുൾപൊട്ടൽ: വിദഗ്ധ സംഘം റിപ്പോർട്ട് സമർപ്പിച്ചു

കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് വിദഗ്ധ സംഘം നടത്തിയ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രണ്ട് റിപ്പോർട്ടുകളാണ് ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷകൂടിയായ കലക്ടർക്ക് സമർപ്പിച്ചത്.

പുനരധിവാസത്തിനായുള്ള സ്ഥലങ്ങളും ദുരന്തമേഖലയിലെ അപകടസാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളുമാണ് റിപ്പോർട്ടിൽ പ്രധാനമായും എടുത്തുപറയുന്നത്. 12 സ്ഥലങ്ങൾ സന്ദ‌‍ർശിച്ച വിദഗ്ധ സംഘം അഞ്ച് സ്ഥലങ്ങൾ പുനരധിവാസത്തിനായി കണ്ടെത്തി ശിപാർശ ചെയ്തിട്ടുണ്ട്.

അതേസമയം പുഞ്ചിരിമട്ടം, മുണ്ടക്കൈ, പടവെട്ടിക്കുന്ന്, ചൂരൽമല മേഖലയിലെ അപകടസാധ്യത മേഖലകളും സംഘം കണ്ടെത്തിയിട്ടുണ്ട്. പുഴയിൽ നിന്നുള്ള ദൂരം, ഭൂമിയുടെ ചെരിവ്, നീർച്ചാൽ ഒഴുക്ക് തുടങ്ങിയവ പരിഗണിച്ചാണ് അപകടമേഖലകൾ കണ്ടെത്തിയത്. പുഴയുടെ 350 മീറ്റർ അകലെ വരെ അപകട മേഖലയാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. എന്നാൽ എങ്ങനെ ഉരുൾപൊട്ടൽ ഉണ്ടായെന്ന റിപ്പോ‍‍ർട്ട് വിദഗ്ധ സംഘം നൽകിയിട്ടില്ല.