Kerala

ആശ്വാസ വാർത്ത; കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ വിശാഖപട്ടണത്ത് ‌കണ്ടെത്തി

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരി തസ്മിത്ത് തംസിയെ കണ്ടെത്തി. വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 37 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്.

വിശാഖപട്ടണത്തുള്ള മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

താംബരം എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടിയെ ലഭിച്ചത്. കുട്ടിയെ ഇപ്പോള്‍ റെയില്‍വേ പൊലീസിന് കൈമാറിയിരിക്കുകയാണ്. ആഹാരം കഴിക്കാത്തതിനെ തുടര്‍ന്നുള്ള ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളത്.

നേരത്തേ കന്യാകുമാരിയില്‍ നിന്ന് മറ്റൊരു ട്രെയിനില്‍ കയറി കുട്ടി ചെന്നൈയില്‍ എത്തിയതായി സ്ഥിരീകരണമുണ്ടായിരുന്നു. എന്നാല്‍ ഇവിടെ നിന്ന് കണ്ടെത്താനായിരുന്നില്ല. ഗുവാഹത്തി ട്രെയിനില്‍ കുട്ടി കയറിയതായി സംശയമുണ്ടായിരുന്നു.

ചൊവ്വാഴ്ച രാവിലെ 10-മണിയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ വൈകീട്ട് നാലോടെയാണ് വിവരം കഴക്കൂട്ടം പോലീസില്‍ അറിയിച്ചത്. പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വീട്ടില്‍ നിന്ന് അമ്മയോട് പിണങ്ങിപ്പോയതാണെന്നാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. രാവിലെ സഹോദരിമാരുമായി വഴക്കിട്ടപ്പോള്‍ മാതാപിതാക്കള്‍ തസ്മീനെ ശകാരിച്ചിരുന്നു. തുടര്‍ന്ന് അവര്‍ ജോലിക്കു പോയി. ഉച്ചയ്ക്ക് തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നു മനസ്സിലായത്.