പെരുമ്പാവൂർ:ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ ആസ്ഥാനമായ പഞ്ചാബിലെ അമൃത്സറിൽ നിന്നും ചീഫ് എഡിറ്റർ ഡോ. ബിശ്വരൂപ് റോയ് ചൗധരിയുടെ കത്ത് മാവേലിപ്പടിയിലെ മാണിയ്ക്കത്ത് ഭാഗ്യനാഥിന്റെയും കീർത്തനയുടെയും മകനായ ഗൗരീഷിനെ തേടിയെത്തുന്നത് ഇക്കഴിഞ്ഞ ജൂൺ ആദ്യവാരമാണ്. വിവിധ മേഖലകളിൽ അസാധാരണമായ മികവും പ്രതിഭാശേഷിയും തെളിയിക്കുന്നവർക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് നൽകുന്ന അംഗീകാരത്തിന് ഈ അഞ്ചു വയസ്സുകാരൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന അറിയിപ്പായിരുന്നു ആ കത്തിൽ.
തൊടാപ്പറമ്പ് വ്യാസ വിദ്യാനികേതൻ സ്‌കൂളിൽ യു.കെ.ജിയിൽ പഠിയ്ക്കുന്ന ഗൗരീഷിന് ബുക്ക് ഓഫ് റെക്കോർഡ്‌സ് ലഭിച്ചത് ലോകത്തിലെ ഏതുവാഹനത്തിന്റെയും ലോഗോ കണ്ടാലുടൻ വാഹനമേതെന്ന് അതിവേഗം തെറ്റാതെ പറയാനുള്ള കഴിവിനായിരുന്നു. ലാപ് ടോപ്പിൽ വാഹനങ്ങളുടെ ലോഗോ പ്രദർശിപ്പിച്ച് സ്റ്റോപ്പ് വാച്ച് ഉപയോഗിച്ചാണ് പറയുന്ന വേഗത്തിലെ കൃത്യത പരിശോധിച്ചത്.കോതമംഗലം എം.എ. കോളേജിലെ കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അനുപമ ആർ. നായരുടെ സാന്നിധ്യത്തിലായിരുന്നു ഗൗരീഷിന്റെ മിന്നുന്ന പ്രകടനം.
110 വാഹനങ്ങളുടെ ലോഗോകൾ പ്രദർശിപ്പിച്ചപ്പോൾ അവ ഏതെന്ന് ഒരു മിനുട്ട് മുപ്പത് സെക്കന്റുകൊണ്ട് തിരിച്ചറിഞ്ഞു പറഞ്ഞ ഗൗരീഷിന് ഏറ്റവുമൊടുവിൽ ജൂലൈ 11ന് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സും വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സും ലഭിയ്ക്കുകയായിരുന്നു. മെഡലുകളും സർട്ടിഫിക്കറ്റുകളുമടങ്ങിയ പേടകവും വേൾഡ് റെക്കോർഡ്‌സ് മുദ്രപതിച്ച തൊപ്പിയും ലഭിച്ച സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കൻ. വ്യാസ വിദ്യാനികേതനിലെ അധ്യാപകരും കൂട്ടുകാരും ഗൗരീഷിനെ അനുമോദിച്ചു. ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ ഫൗണ്ടറും സി.ഇ.ഒ.യുമായ പങ്കജ് വിഗ് ആണ് ഇത്തവണ ഗൗരീഷിനെ അഭിനന്ദനമറിയിച്ചത്. മൂന്നുവയസ്സുള്ള നക്ഷത്രയാണ് ഗൗരീഷിന്റെ സഹോദരി.
STORY HIGHLIGHTS; AGourish owns the world record for his brilliant performance.