അമരാവതി: ആന്ധ്രപ്രദേശിലെ അനകപ്പള്ളിയിൽ മരുന്ന് ഫാക്ടറി യൂണിറ്റിലുണ്ടായ വൻ സ്ഫോടനത്തിൽ 15 മരണം. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എസൻഷ്യ അഡ്വാൻസ്ഡ് സയൻസസിന്റെ ഫാക്ടറി യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്. 33 ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റു. ഫാക്ടറി യൂണിറ്റിൽ കുടുങ്ങി കിടന്ന 13 പേരെ രക്ഷപ്പെടുത്തി.
രണ്ട് ഷിഫ്റ്റുകളിലായി 391 തൊഴിലാളികളാണ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നത്. ഉച്ചഭക്ഷണ സമയത്ത് സ്ഫോടനം നടന്നതിനാൽ അപകടമുണ്ടായ സ്ഥലത്ത് ജീവനക്കാരുടെ സാന്നിധ്യം കുറവായിരുന്നു. ഇത് മരണസംഖ്യ ഉയരാതിരിക്കാൻ കാരണമായി.
കമ്പനിയിൽ സ്ഥാപിച്ച റിയാക്ടറിന്റെ സമീപത്താണ് സ്ഫോടനമുണ്ടായതെന്നും റിയാക്ടറിന് തകരാർ സംഭവിച്ചിട്ടില്ലെന്നും അനകപ്പള്ളി ജില്ലാ കളക്ടർ വിജയ കൃഷ്ണൻ പറഞ്ഞു. കെമിക്കൽ റിയാക്ടറിൽ പൊട്ടിത്തെറി ഉണ്ടായതായി ആദ്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വൈദ്യുതിയുമായി ബന്ധപ്പെട്ട തീപിടുത്തമാണ് സംഭവത്തിന് പിന്നിലെന്ന് അധികൃതർ സംശയിക്കുന്നു.
പരിക്കേറ്റവരെ അനകപ്പള്ളിയിലെയും അച്യുതപുരത്തെയും വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായി അവർ പറഞ്ഞു. യൂണിറ്റിൽ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയതായും കളക്ടർ അറിയിച്ചു.
പരിക്കേറ്റവർക്ക് ആശുപത്രിയിൽ ചികിത്സ തുടരുകയാണെന്നും സംഭവസ്ഥലത്ത് സ്ഥിതിഗതികൾ സമാധാനപരമാണെന്നും അഡീഷണൽ എസ്പി (അനകപ്പള്ളി) ദേവപ്രസാദ് പറഞ്ഞു.
രാസവസ്തുക്കളുടെയും മരുന്നു ചേരുവകളുടെയും നിർമാതാക്കളാണ് എസൻഷ്യ അഡ്വാൻസ്ഡ് സയൻസസ്. ആന്ധ്രപ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപറേഷന്റെ പ്രത്യേക സാമ്പത്തിക മേഖലയായ അച്യുതപുരം ക്ലസ്റ്ററിലെ 40 ഏക്കർ കാമ്പസിലാണ് എസൻഷ്യയുടെ ഫാക്ടറി സ്ഥിതി ചെയ്യുന്നത്.