തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ പതിമൂന്നുകാരിയെ 37 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ സുരക്ഷിതയായി കണ്ടെത്തി. വിശാഖപട്ടണത്തുനിന്നാണ് ഇന്നലെ രാത്രി കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഇന്ന് രാവിലെ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറും.
തംബരം- സാന്ദ്രഗച്ചി എക്സ്പ്രസിന്‍റെ ബെർത്തിൽ കിടക്കുകയായിരുന്ന കുട്ടിയെ വിശാഖപട്ടണത്ത് വെച്ച് തിരിച്ചറിഞ്ഞതും അവിടെയിറക്കിയതും മലയാളി അസോസിയേഷൻ പ്രതിനിധികളാണ്. ശേഷം ആർ.പി.എഫിന് കൈമാറി. ഇന്ന് രാവിലെ ചൈൽഡ് ലൈനിന് കൈമാറും. ഇന്ന് പുലർച്ചെ കേരളാ പൊലീസിന്‍റെ ഒരു സംഘം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിട്ടുമുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഐലൻഡ് എക്സ്പ്രസിൽ കയറിയ കുട്ടി കന്യാകുമാരിയിൽ ഇറങ്ങിയെങ്കിലും അതേ ട്രെയിനിൽ തിരിച്ചുകയറി ചെന്നൈ എഗ്മോറിലേക്ക് പോയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഇന്നലെ വ്യക്തമായിരുന്നു.
ചെന്നൈ എഗ്മോറിൽ നിന്ന് ഇന്നലെ രാവിലെ 8.11-ന് കുട്ടി, ബംഗാളിലെ സാന്ദ്രഗച്ചിയിലേക്കുള്ള ട്രെയിനിൽക്കയറി. ഇന്നലെ രാത്രി 10.12- ന് വിശാഖപട്ടണത്തെത്തിയ ട്രെയിനിൽ മലയാളി അസോസിയേഷൻ പ്രതിനിധികൾ പരിശോധന നടത്തി. ഒടുവിൽ ആശ്വാസം. ഭക്ഷണം കഴിക്കാതെ വെള്ളം മാത്രം കുടിച്ച് മണിക്കൂറുകളോളം യാത്ര ചെയ്തതിന്റെ ക്ഷീണം മാത്രമുണ്ട്.