ഓണക്കാലമാണ് ശരിക്കും തട്ടിപ്പുകാരുടെ ചാകരക്കാലവും. തീരെ കുറഞ്ഞ ചെലവിൽ സിംഗപ്പൂരിലേക്ക് പത്തുദിവസത്തെ ടൂർ പാക്കേജ്, ഗിഫ്റ്റ് വൗച്ചർ ഇവ നേടണമെങ്കിൽ ലിങ്കിൽ ഒന്ന് ക്ലിക്ക് ചെയ്താൽ മാത്രം മതി. ഇത്തരത്തിലുള്ള ഒരു എസ്എംഎസെങ്കിലും ഇതിനകം നിങ്ങളുടെ ഫോണിൽ എത്തിയിരിക്കും. വാട്സാപ്പിലൂടെയും ടെലിഗ്രാമിലൂടെയുമായിരിക്കും ഇത്തരത്തിലുള്ള ലിങ്കുകൾ ഏറെയും എത്തുന്നത്. തട്ടിപ്പിന്റെ ഏറ്റവും പുതിയ വേർഷൻ എന്നുപറയാനാവില്ലെങ്കിലും അധികം പഴക്കമില്ലാത്ത വേർഷനാണിത്. സ്ത്രീകളും അമ്പത് വയസിനുമുകളിൽ പ്രായമുള്ളവരുമാണ് ഇതിന് ഇരകളാകുന്നതിൽ ഏറെയും.
ഒറ്റനോട്ടത്തിൽ പ്രമുഖ കമ്പനികളുടേത് എന്നു താേന്നിക്കുന്ന രീതിയിലാവും തട്ടിപ്പുസന്ദേശങ്ങളുടെ കെട്ടും മട്ടും. അക്ഷരങ്ങളിൽ ചെറിയവ്യത്യാസമുണ്ടാവും. എന്നാൽ അതാരും ശ്രദ്ധിക്കില്ല. വീട്ടുപകരണങ്ങൾ 50 ശതമാനം വരെ വിലക്കിഴിവിൽ നൽകുന്ന ഡിസ്കൗണ്ട് തട്ടിപ്പുകളുമുണ്ട്. 25 കോടി ഒന്നാം സമ്മാനത്തുകയുള്ള ഓണം ബമ്പറിന്റെ വ്യാജനാണ് ഓൺലൈനിലൂടെ വിറ്റഴിച്ച് തട്ടിപ്പ് നടത്തുന്നത്. കേരള ലോട്ടറി പേപ്പർ രൂപത്തിൽ മാത്രമേ പുറത്തിറക്കുന്നുള്ളൂ. ഓൺലൈൻ വില്പനയില്ല. എന്നിട്ടും ഉപഭോക്താക്കളെ കബളിപ്പിച്ചാണ് വ്യാജന്റെ വിളയാട്ടം. സംസ്ഥാനത്ത് ഓൺലൈൻ ചൂതാട്ടം നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും തട്ടിപ്പ് യഥേഷ്ടം നടക്കുന്നു.
കേരള ലോട്ടറി, കേരള മെഗാ മില്യൺ ലോട്ടറി എന്നീ പേരുകളിൽ ആപ്പ് തയ്യാറാക്കിയാണ് തട്ടിപ്പ്. പത്തുലക്ഷത്തിലധികം പേർ ഇതിനകം ആപ്പ് ഡൗൺലോഡ് ചെയ്തു എന്നാണ് വിവരം. ഇഷ്ടമുള്ള നമ്പർ നൽകിയാൽ അതനുസരിച്ച് ടിക്കറ്റ് നൽകിയാണ് തട്ടിപ്പ്. 25 ടിക്കറ്റുവരെ ഒറ്റക്ലിക്കിൽ എടുക്കാമെന്ന വാഗ്ദാനവുമുണ്ട്. ഓണം ബമ്പറിന്റെ വിലയായ അഞ്ഞൂറു രൂപയാണ് ഒരു ടിക്കറ്റിന് ഓൺലൈൻ വ്യാജനും ഈടാക്കുന്നത്. ഓൺലൈൻ ലോട്ടറി അടിച്ചാൽ നികുതിപിടിക്കാതെ മുഴുവൻ പണവും നേരിട്ട് അക്കൗണ്ടിൽ ഉടൻ ലഭ്യമാക്കുമെന്നാണ് വാഗ്ദാനം.
പത്തുലക്ഷത്തിലധികം പേർ തട്ടിപ്പ് ആപ്പ് ഡൗൺലോഡ് ചെയ്തതാണ് തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമെന്ന് വ്യക്തമാക്കുന്നത്. സങ്കേതിക വിദ്യയിൽ ഉൾപ്പെടെ മുന്നിൽ എന്ന് അവകാശപ്പെടുന്ന മലയാളികളാണ് ഇതിൽ ഭൂരിപക്ഷവും എന്നതാണ് ഏറെ അത്ഭുതകരം.
Content highlight : Online cheating