കുറുപ്പംപടി: വേങ്ങൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരുവപ്പാറ കുരിയപ്പുറം ആരതി (31) യെയാണ് ചൊവ്വാഴ്ച വീടിന്റെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈനായി എടുത്ത വായ്‌പ തിരിച്ചടയ്‌ക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നു പണം നല്‍കിയവരുടെ നിരന്തര ഭീഷണി യുവതിക്കുണ്ടായിരുന്നു.
യുവതി ഓൺലൈൻ ആപ്പുകൾ വഴി ചെറിയ വായ്പകൾ എടുത്ത് തിരിച്ചടച്ചു വന്നിരുന്നു. എന്നാൽ, വലിയ തുക വായ്പ എടുക്കുന്നതിനുള്ള പ്രോസസിങ് ചാർജ് അടയ്ക്കുന്നതിനായി മറ്റൊരു ആപ്പിൽനിന്നും വായ്പയെടുത്തു. ഇത് സമയത്ത് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. വലിയ തുകയുടെ വായ്പ ലഭിച്ചതുമില്ല. ഇതോടെ ലോൺ ആപ്പ് സംഘം ഭീഷണിപ്പെടുത്താൻ തുടങ്ങി. യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഫോണിലേക്ക് അയച്ച് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
യുവതിയുടെ ഫോണിൽനിന്ന് ഭീഷണി സന്ദേശങ്ങളും യുവതിയുടെ മറുപടിയും മറ്റും പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോൺ സന്ദേശങ്ങൾ വിശദമായി പരിശോധിക്കാനുള്ള ശ്രമത്തിലാണ് കുറുപ്പംപടി സി.ഐ. വി.എം. കഴ്സന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം.
ഈസി ലോണ്‍ ഉള്‍പ്പടെ അഞ്ചോളം ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളാണ് ആരതി ഉപയോഗിച്ചിരുന്നത്. ഓണ്‍ലൈന്‍ റമ്മികളിച്ച് സാമ്പത്തിക നേട്ടമുണ്ടായതാണ് ആരതിയെ ലോണ്‍ ആപ്പുകളിലേക്ക് എത്തിച്ചത് . യുവതിയുടെ ഭർത്താവ് രണ്ടു മാസം മുൻപാണ് സൗദിയിലേക്ക് ജോലിക്കായി പോയത്. രണ്ടു കുട്ടികളുണ്ട്. സംസ്‌കാരം ഒക്കല്‍ എസ്.എന്‍.ഡി.പി. ശ്‌മശാനത്തില്‍ നടത്തി.
STORY HIGHLIGHTS: online loan app behind suicide of young women