വർഷകാലത്തെ കരുതി ഭക്ഷണവും പാർപ്പിടവും കരുതിവയ്ക്കുന്ന പക്ഷിമൃഗാദികളെപോലെ മനുഷ്യനും പഞ്ഞമാസത്തെ മറികടക്കാൻ പലതും കരുതിവെയ്ക്കുന്ന കൂട്ടത്തിൽ തന്റെ അരോഗ്യകാര്യവും ശ്രദ്ധിക്കാൻ മുതിരുന്നു.
ആയുർവേദത്തിൽ ഋതുക്കൾക്ക് അനുസരിച്ച് ജീവിത ശൈലിയിലും മാറ്റങ്ങൾ വരണം.
ഓരോ ഋതുക്കളിലും ചൂടും മഴയും തണുപ്പും വരൾച്ചയും മാറി മാറി വരുന്നതിനനുസരിച്ച് ശരീരത്തിൽ രോഗങ്ങൾ വരാനും രോഗങ്ങൾ ഉള്ളവർക്ക് അത് കൂടാനും സാധ്യത ഏറെയാണ്. അതിനു വേണ്ട പ്രതിരോധ മാർഗമാണ് ഋതുചര്യ. ഓരോ ഋതുകൾക്കും അനുസരിച്ച് ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ കൊണ്ട് വരുക എന്നതാണ് ഋതുചര്യ എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. ഋതുചര്യ എന്നത് പുരാതന ആയുർവേദ സമ്പ്രദായമാണ്. കാലാനുസൃതമായ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ശാരീരികവും മാനസികവുമായ ആഘാതങ്ങളെ നേരിടാൻ ജീവിതശൈലിയും ആയുർവേദ ഭക്ഷണക്രമവും ഋതുചര്യയിൽ അടങ്ങിയിരിക്കുന്നു.
ആയുർവേദ പ്രകാരം 6 ഋതുക്കൾ:
ഹേമന്ത (ശൈത്യകാലത്തിൻ്റെ തുടക്കം)
ശിശിര (അതിശൈത്യം)
വസന്ത (വസന്തം)
ഗ്രീഷ്മ (വേനൽക്കാലം)
വർഷ (മഴ)
ശരത് (ശരത്കാലം)
ഓരോ കാരണങ്ങളിലും, സൂര്യൻ്റെ സ്ഥാനം വ്യത്യസ്തമായിരിക്കും, അതിൻ്റെ ഫലമായി അന്തരീക്ഷത്തിലെ ഈർപ്പവും വ്യത്യസ്തമായിരിക്കും. അതിനാൽ ആരോഗ്യം നിലനിർത്തുന്നതിന് അനുയോജ്യമായ ആരോഗ്യകരമായ ചിട്ടകൾ നിലനിർത്താൻ ശ്രദ്ധിക്കണം. ഓരോ ഋതുവിലും ശരീരബലം മാറും, അതിനാൽ ഓരോ ഋതുവിലും ഭക്ഷണ ശീലങ്ങളും ദിനചര്യകളും മാറണം.
മഴക്കാലത്ത് ചെയ്യേണ്ട കാര്യങ്ങളാണ് വർഷ ഋതുചര്യ. നമ്മുടെ നാട്ടിൽ കർക്കിടക മാസത്തിൽ ശക്തമായ മഴ ലഭിക്കുന്ന സമയമായതിനാൽ വർഷ ഋതുചര്യയ്ക്ക് ഏറ്റവും പ്രാധാന്യം കൈവരുന്നത് കർക്കിടകത്തിലാണ്. ഇലക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, ശിരോധാര, അഭ്യംഗം, നസ്യം, തുടങ്ങിയ ചികിത്സയോടൊപ്പം പഥ്യാഹാരവും പ്രത്യേകം തയ്യറാക്കുന്ന മരുന്നുകഞ്ഞിയും ചേർന്ന് പൂർണമാകുന്നതാണ് കർക്കിടക ചികിത്സ.
ഇലക്കിഴി
വിവിധതരം ആർത്രൈറ്റിസ്, നടുവേദന,പ്രത്യേകിച്ച് സന്ധി വേദനകൾക്കും ഇലക്കിഴി വളരെ ഫലപ്രദമാണ്.സാധാരണരീതിയിൽ ഒരു കിഴി തയാറാക്കാൻ വേണ്ടത് വേപ്പെണ്ണ, ആവണ്ണക്കെണ്ണ, ഇന്തുപ്പ്, നാരങ്ങ, തേങ്ങ, ശതകുപ്പ പൊടി, മഞ്ഞൾപ്പൊടി, കോലകുലത്ഥാദി ചൂർണം, കിഴി ചെയ്യുന്നതിനാവശ്യമായ ഇലകൾ തുടങ്ങിയവയാണ്. രോഗാവസ്ഥകളനുസരിച്ച് ചേർക്കുന്ന ഇലകളിലും വ്യത്യാസം വരുത്താം.നടുവേദനയുള്ളവർക്ക് കിഴി ചെയ്യുമ്പോൾ കരിനെച്ചി ഇല കൂടുതലായി ഉപയോഗിക്കാം.
ഞവരക്കിഴി
തവിട് കളയാത്ത ഞാവരയരി ,കുറുന്തോട്ടിക്കഷായം,പാൽ ഇവ ചേർത്ത്
വേവിച്ച് പായസപ്പരുവത്തിൽ എടുത്ത് ശരീരം മുഴുവൻ വിധിപ്രകാരം കിഴി പിടിക്കുന്നു. പേശികളെ ശക്തിപ്പെടുത്തുന്നതിനും നാഡീ ചാലകത വർദ്ധിപ്പിക്കുന്നതിനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സമ്മർദ്ദത്തിൽ നിന്ന് മോചനം നൽകാനും സഹായിക്കുന്നു. കിഴി പിടിക്കുന്ന സമയം ശരീര താപനില ഒരേ രീതിയിൽ ക്രമീകരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.
പിഴിച്ചിൽ
ഔഷധ തൈലങ്ങൾ വ്യക്തിയുടെ ശരീരത്തിന് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തിയശേഷം ധാരപ്പാത്തിയിൽ കിടത്തി പിഴിച്ചിൽ നടത്തുന്നു. സന്ധിവാതം, പേശിവലിവ്, പക്ഷാഘാതം, വാതരോഗങ്ങൾ, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ്, രക്തസമ്മർദ്ദ പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഇത് വളരെ ഫലപ്രദമാണ്.
ശിരോധാര
ഔഷധ സംസ്‌കൃതമായ തൈലം ധാരാപാത്രത്തിൽ നിന്നും നെറ്റിയിലേക്ക് ധാരയായി വീഴ്‌ത്തുന്ന പ്രക്രിയയാണ്. മാനസികസമ്മർദ്ദം കൊണ്ടുണ്ടാകുന്ന ഉറക്കമില്ലായ്മ മറ്റ് അനുബന്ധ പ്രശ്നങ്ങൾക്കും ശിരോധാര വളരെ ഫലപ്രദമാണ്.
ധൂമപാനം
ഔഷധപ്പുക ശ്വസിയ്ക്കുന്ന രീതിയാണിത്. തിരി കത്തിച്ച് പുക ശ്വസിയ്ക്കുന്ന ഈ രീതി പല രോഗങ്ങള്‍ക്കും ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒന്നു കൂടിയാണ്.
ആവിക്കുളി
വൈദ്യശാസ്ത്രരംഗത്ത് വളരെയേറെ പ്രാധാന്യമുള്ള ചികിത്സാ രീതിയാണ് ആവിക്കുളി. മഞ്ഞപ്പിത്തം, ആസ്മ, അലർജിയുമായി ബന്ധപ്പെട്ട രോഗങ്ങൾ തുടങ്ങിയവയ്ക്ക് ആവിക്കുളി ഏറ്റവും അനുയോജ്യമായ ചികിത്സാ രീതിയാണിത്. ശരീരം മുഴുവൻ നിശ്ചിത താപനിലയിലുള്ള ആവിയിൽ കുളിപ്പിച്ച് വിയർപ്പ് പുറംതള്ളുന്ന രീതിക്കാണ് ആവിക്കുളി എന്ന പറയുന്നത്.
നസ്യം
തലച്ചോറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും അതേപോലെ കഫം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്ന ചികിത്സാ രീതിയാണ് നസ്യം.24 ഔഷധങ്ങള്‍ ചേര്‍ത്ത് 72 മണിക്കൂറോളം തിളപ്പിച്ചാണ് നസ്യം ചെയ്യാനുള്ള മരുന്ന് തയ്യാറാക്കിയെടുക്കുന്നത്.
കള്ളത്തരങ്ങളിൽ ചെന്നുപെടാതെ അറിവും പാരമ്പര്യവൈദ്യസമ്പത്തുള്ള പഴമക്കാരെ കണ്ടെത്തി അവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് പുതുതലമുറ ആയുരാരോഗ്യസൗഖ്യം നിലനിർത്തുക.
STORY HIGHLIGHT: Healthy mind in a healthy body