ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതിയുമായി വരേണ്ടത് അനിവാര്യമല്ലെന്ന് ഹൈക്കോടതി. വിഷയത്തില്‍ നേരിട്ട് അന്വേഷണം സാധ്യമാണോയെന്ന് സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണത്തിന് പരാതിയുമായി ഇരകൾ മുന്നോട്ടുവരേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഹേമ കമ്മിറ്റിയിലെ വിഷയങ്ങൾ സമൂഹത്തെ ബാധിക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു.
റിപ്പോർട്ടിലുള്ളത് ഗൗരവതരമായ കാര്യങ്ങളെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഇരകളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും അടക്കം പൂർണ്ണ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. റിപ്പോർട്ടിലെ ഉള്ളടക്കത്തിൽ സ്വകാര്യത ഉറപ്പാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. റിപ്പോര്‍ട്ട് അനുസരിച്ച് നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അതിജീവിതരെ എങ്ങനെ സംരക്ഷിക്കാനാവുമെന്നും ഹൈക്കോടതി ചോദിച്ചു. സംസ്ഥാന വനിതാ കമ്മീഷനെ ഹൈക്കോടതി കേസിൽ സ്വമേധയാ കക്ഷി ചേര്‍ത്തു.