അമ്മമാർ ഏറ്റവും പ്രയാസപ്പെടുന്ന കാര്യമാണ് മക്കളെ ഭക്ഷണം കഴിപ്പിക്കുക. കുട്ടികളുടെ ഭക്ഷണകാര്യം അമ്മമാർക്ക് എന്നും വലിയ തലവേദന തന്നെയാണ്. ഭക്ഷണം കഴിക്കാൻ ഭയങ്കര മടി കുട്ടികൾ കാണിക്കും. അതിനുപുറമേ ഒരു പ്രായം കഴിയുമ്പോൾ ഭക്ഷണകാര്യത്തിൽ കുട്ടികൾ തന്നെ സെലക്ട് ആയി മാറുന്നു. എന്തുവേണം എന്തു വേണ്ട എന്ത് കഴിക്കും എന്ത് കഴിക്കില്ല എന്ന് തീരുമാനങ്ങൾ കുട്ടികൾ തന്നെ എടുക്കുന്നു. ഇത് അമ്മമാരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് എല്ലാ പോഷകങ്ങളും ശരിയായ അളവിൽ ശരീരത്തിൽ എത്തേണ്ടതുണ്ട്. എന്നാൽ അത്തരം ഭക്ഷണങ്ങൾ കഴിക്കാൻ കുട്ടികൾ വിമുഖത കാണിക്കുമ്പോൾ അമ്മമാർ വല്ലാതെ കഷ്ടപ്പെടുന്നു. കുട്ടികളെ എങ്ങനെ ഭക്ഷണം കഴിപ്പിക്കാം എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത്..
കുറച്ച് കൊടുക്കാം
കുഞ്ഞുങ്ങളുടെ വയർ പൊതുവെ വളരെ ചെറുതാണ്. മുതിർന്നവർ കഴിക്കുന്നത് പോലെ കുഞ്ഞുങ്ങൾ കഴിക്കണമെന്ന് വാശി പിടിക്കാൻ പാടില്ല. ഇഷ്ടമുള്ള ഭക്ഷണത്തോടൊപ്പം പുതിയ ഭക്ഷണങ്ങളും അവർക്ക് നൽകി ശീലിക്കുക. കുറച്ചാണെങ്കിലും പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ നൽകാൻ ശ്രമിക്കണം. പുതിയ ഭക്ഷണത്തിൽ വേഗത്തിൽ അവർ കഴിക്കണമെന്നില്ല, എന്നാൽ ചെറിയ അളവ് കഴിച്ചാൽ പോലും അവരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുക.
അടുക്കളയിൽ കയറ്റാം
എല്ലാ കാര്യങ്ങളും കാണാനും പഠിക്കാനും കുഞ്ഞുങ്ങൾക്ക് ഇഷ്ടമാണ്. അടുക്കളയിൽ പാചകത്തിനൊപ്പം അവരെയും കൂട്ടാൻ ശ്രമിക്കുക. പച്ചക്കറികൾ കഴുകാനും, കറി ഇളക്കാനും, പാത്രത്തിൽ ഭക്ഷണം വിളമ്പാനുമൊക്കെ കുഞ്ഞിനെ കൂട്ടാൻ ശ്രമിക്കുക. ഭക്ഷണത്തെക്കുറിച്ചും അതുപോലെ ചേരുവകളെക്കുറിച്ചുമൊക്കെ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കാൻ ശ്രമിക്കുക. ഇത് അവരെ കൂടുതൽ ഭക്ഷണത്തോട് അടുക്കാൻ സഹായിക്കും.
പല നിറങ്ങൾ
കൊച്ചു കുട്ടികൾക്ക് പൊതുവെ വ്യത്യസ്ത വളരെ ഇഷ്ടമാണ്. പല നിറത്തിലുള്ള ഭക്ഷണങ്ങൾ ഓരോ ദിവസം നൽകുന്നത് അവരെ ഭക്ഷണത്തോടുള്ള ഇഷ്ടം കൂട്ടാൻ ഏറെ സഹായിക്കും. പല നിറത്തിലുള്ള പഴങ്ങൾ പച്ചക്കറികൾ എന്നിവയൊക്കെ പ്ലേറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. നല്ല ഓറഞ്ച്, ചുവപ്പ്, പച്ച അങ്ങനെ നിറങ്ങളാൽ സമ്പുഷ്ടമാക്കാൻ ശ്രമിക്കുക. എന്നാൽ പോഷകത്തിൻ്റെ കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യാനും പാടില്ല. ജങ്ക് ഫുഡുകൾ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കഴിപ്പിക്കാൻ ശ്രമിക്കുക.
മുതിർന്നവരെ പോലെ
കുട്ടികൾ പലപ്പോഴും മുതിർന്നവരെ കണ്ടാണ് എല്ലാ കാര്യങ്ങളും അനുകരിക്കുന്നത്. പ്രത്യേകിച്ച് മാതാപിതാക്കൾ ചെയ്യുന്ന കാര്യങ്ങൾ അവർ അനുകരിക്കുന്നത് പതിവാണ്. മാതാപിതാക്കൾ വ്യത്യസ്തമായ ഭക്ഷണം കഴിച്ചാൽ കുട്ടികളും അതുപോലെ ചെയ്യാൻ ശ്രമിക്കും. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഭക്ഷണത്തിൻ്റെ രുചിയെയും ആകൃതിയെയുമൊക്കെ കുറിച്ച് കുട്ടികളോട് സംസാരിക്കുക.
content highlight: chang-picky-eater-to-normal