ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി സെലിബ്രിറ്റികളാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ പ്രശസ്ത സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് അഭിപ്രായവുമായി മുന്നോട്ടു വന്നിരിക്കുന്നത്. മൊഴികളും പരാതികളും ഗൗരവത്തോടെ സമീപിക്കണമെന്നും നിശബ്ദത ഇതിന് പരിഹാരം ആകില്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ്;
‘ഹേമാ കമ്മിറ്റി മുന്‍പാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നു. നിശബ്ദത ഇതിനു പരിഹാരമാകില്ല.’
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതിയുമായി വരേണ്ടത് അനിവാര്യമല്ലെന്ന് ഹൈക്കോടതി അറിയിച്ചു. വിഷയത്തില്‍ നേരിട്ട് അന്വേഷണം സാധ്യമാണോയെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണത്തിന് പരാതിയുമായി ഇരകള്‍ മുന്നോട്ടുവരേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഹേമ കമ്മിറ്റിയിലെ വിഷയങ്ങള്‍ സമൂഹത്തെ ബാധിക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു.
റിപ്പോര്‍ട്ടിലുള്ളത് ഗൗരവതരമായ കാര്യങ്ങളെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഇരകളുടെ മൊഴികളും ഡിജിറ്റല്‍ തെളിവുകളും അടക്കം പൂര്‍ണ്ണ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തില്‍ സ്വകാര്യത ഉറപ്പാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
STORY HIGHLIGHTS: Lijo Jose Pellissery about Hema Committee Report