Kerala

കോണ്‍ഗ്രസ് യുവ വനിതാ നേതാക്കളുടെ ‘വാട്‌സാപ്പ് ഗ്രൂപ്പ്’ പോര്: നേതാക്കള്‍ക്ക് പങ്കുണ്ടോ ? /’Whatsapp group’ war of young Congress women leaders: Do the leaders have a role?

ദീപ്തി മേരി വര്‍ഗീസും, ഷമ മുഹമ്മദും തമ്മില്‍ ശീതയുദ്ധം

തമ്മിലടിയും പടലപ്പിണക്കങ്ങളും തീരാത്ത കോണ്‍ഗ്രസിന്റെ കേരളാ ഘടകത്തില്‍ ഇപ്പോള്‍ ഏറ്റുമുട്ടുന്നത് രണ്ടു വനിതകളാണ്. വനിതകളാകുമ്പോള്‍ കണ്ടു നില്‍ക്കുന്ന നേതാക്കള്‍ക്ക് ഹരം കൂടുകയും ചെയ്യും. കേരളത്തിലെ കോണ്‍ഗ്രസില്‍ യുവ വനിതാ നേതാക്കളുടെ തമ്മിലടി പരസ്യമായതോടെ നേതാക്കള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍പ്പെടാതെ ഓടുകയാണ്. എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസും തമ്മിലാണ് രൂക്ഷമായ അഭിപ്രായ ഭിന്നതയില്‍ നില്‍ക്കുന്നത്.

ഗ്രൂപ്പുവഴക്കും, വയ്യാവേലിയും, തൊഴുത്തില്‍ക്കുത്തും, മൂപ്പളിമ തര്‍ക്കവുമൊക്കെ കോണ്‍ഗ്രസില്‍ പതിവ് കാഴ്ചയായതു കൊണ്ട് നേതാക്കള്‍ അതിനെ വലിയ വിഷമായി പരിഗണിച്ചിട്ടില്ലെന്നാണ് സൂചന. കെ.പി.സി.സി മാധ്യമ വിഭാഗത്തിന്റെ ചുമതല ദീപ്തി മേരി വര്‍ഗീസിനാണുള്ളത്. പാര്‍ട്ടി പരിപാടികളും, മീറ്റിംഗിലെ തീരുമാനങ്ങളും അറിയിക്കുന്നിനു വേണ്ടി ഒരു വാട്സാപ്പ് ഗ്രൂപ്പു ദീപ്തി രൂപീകരിച്ചിട്ടുണ്ട്. പ്രധാന നേതാക്കളും കോണ്‍ഗ്രസുമായി ബന്ധമുള്ളവരുമാണ് ഈ ഗ്രൂപ്പിലുള്ളത്.

 

ചാനല്‍ ചര്‍ച്ചകളിലെ നിലപാട്, സര്‍ക്കാരിനെതിരായി ഉന്നയിക്കേണ്ട വിമര്‍ശനങ്ങള്‍, ആരൊക്കെ ഏത് ചാനലില്‍ ചര്‍ച്ചക്ക് പങ്കെടുക്കണം തുടങ്ങിയ വിവരങ്ങളാണ് ഈ ഗ്രൂപ്പില്‍ പങ്കുവച്ചിരുന്നതെന്നാണ് അറിയുന്നത്. ദീപ്തിയെ കൂടാതെ കെ.പി.സി.സി ഓഫീസിലെ രണ്ട് ജീവനക്കാരുമായിരുന്നു ഈ ഗ്രൂപ്പിലെ മറ്റ് അഡ്മിന്‍മാര്‍. ഈ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ഷമയെ പുറത്താക്കിയിരിക്കുകയാണ്. കഴിഞ്ഞ 16നാണ് ഷമയെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത്. യാതൊരു കാരണവും ഇല്ലാതെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്തതെന്ന് ഷമ മുഹമ്മദ് പറയുകയും ചെയ്യുന്നുണ്ട്.

 

ഒഴിവാക്കിയത് എന്തിനാണെന്ന് പറഞ്ഞിട്ടില്ല. മലയാളം ടി.വി ചാനല്‍ ചര്‍ച്ചകളിലും പങ്കെടുപ്പിക്കാറില്ല. മൂന്നരമാസമായി ഇത്തരത്തില്‍ ഒഴിവാക്കുകയാണെന്നും ഷമ ആരോപിക്കുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഷമ കെ.പി.സി.സിക്ക് പരാതിയൊന്നും നല്‍കിയിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഒരു പ്രശ്നവുമില്ല. എന്നിട്ടും ഒതുക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്ന് സംശിക്കുന്നുണ്ട്. എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കുന്നതെന്ന് ദീപ്തി മേരി വര്‍ഗീസ് തന്നെ വ്യക്തമാക്കണം. എന്നാല്‍ വാട്സാപ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത് വിവാദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു ദീപ്തിയുടെ പ്രതികരണം.

കെ.പി.സി.സി ഔദ്യോഗികമായി രൂപംനല്‍കിയ വാട്സാപ് ഗ്രൂപ്പില്‍ നിന്നല്ല ഷമയെ ഒഴിവാക്കിയത്. താന്‍ വ്യക്തിപരമായി ഉണ്ടാക്കിയ ഗ്രൂപ്പില്‍ നിന്നുമാണ്. കെ.പി.സി.സിയുടെ മാധ്യമ വിഭാഗത്തിന്റെ ചുമതല ലഭിച്ചപ്പോള്‍ സ്വന്തം നിലയില്‍ രൂപീകരിച്ചതാണ്. ചാനല്‍ ചര്‍ച്ചയുടെ കാര്യങ്ങള്‍ ഏകോപിപ്പിക്കാനാണ് ഗ്രൂപ്പുണ്ടാക്കിയത്. ഷമ മുഹമ്മദ് എ.ഐ.സി.സി വക്താവാണ്. കേരളത്തിലെ ചാനലുകള്‍ ദേശീയ വിഷയങ്ങളില്‍ നടത്തുന്ന ചര്‍ച്ചകളിലാണ് ഷമ പങ്കെടുക്കുന്നത്.

അതിനാലാണ് കേരളത്തിലെ വാര്‍ത്തകളുടെ മാത്രം ചര്‍ച്ചകള്‍ക്കായി രൂപീകരിച്ച ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത്. ഷമ ഗ്രൂപ്പില്‍ അംഗമായതിനാല്‍ മറ്റ് ചിലര്‍ കൂടി ഗ്രൂപ്പില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ പൊതു മാനദണ്ഡമെന്ന നിലയ്ക്കാണ് ഷമയെയും ഒഴിവാക്കിയതെന്നും ദീപ്തി പ്രതികരിക്കുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാത്തതില്‍ ഷമ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള ശ്രമം എന്ന വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഇതിലെ പ്രതികാര നടപടിയാണ് ദീപ്തിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ആരോപണമുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം ഷമ ഉന്നയിച്ചിരുന്നു. എന്നാല്‍ അതിന് സ്വീകാര്യത ലഭിച്ചിരുന്നില്ല. ആരാണ് ഈ ഷമ എന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം ഏറെ വിവാദമായിരുന്നു. ഇതില്‍ ഷമ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഒപ്പം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കിയില്ലെന്നും വിമര്‍ശിച്ചു. ഇതോടെയാണ് ഷമയെ ഒതുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ഇപ്പോഴത്തെ നടപടികളും അതിന്റെ ഭാഗം തന്നെയാണ് എന്നാണ് ഷമ കണക്കു കൂട്ടുന്നത്.

 

CONTENT HIGHLIGHTS; ‘Whatsapp group’ war of young Congress women leaders: Do the leaders have a role?