കേട്ടറിവുള്ള, വായനാനുഭവമുള്ള, ചിത്രങ്ങള്‍ കണ്ട ഏതൊരാളെയും ഒരിക്കലെങ്കിലും അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന ഇടം തന്നെയാണ് കുടജാദ്രി. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നും 75 കിലോമീറ്റര്‍ സഞ്ചരിച്ചെത്തുന്ന ദൂരമാണ് മൂകാംബിക ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുള്ള കുടജാദ്രി മലനിരകൾ. ഐതിഹ്യങ്ങളെക്കാള്‍ കുടജാദ്രിയെ മനോഹരമാക്കുന്നത് ദൈവം നല്‍കിയ അതിന്റെ സൗന്ദര്യം തന്നെയാണ്.
സമുദ്രനിരപ്പിൽ നിന്ന് ഏഴായിരം അടി ഉയരത്തിൽ കുടകപ്പാലകൾ പൂത്തുലഞ്ഞാടുന്ന വനവിശുദ്ധിയിൽ കുടജാദ്രി ജ്ഞാനത്തിന്റെ ശിലാസാക്ഷ്യമായി തലയുയർത്തി നിൽക്കുന്നു. പണ്ടു കാൽനടയാത്ര മാത്രമായിരുന്നു മാർഗം. ഇന്നു ജീപ്പുകളുണ്ട്. എട്ടുപേരായാൽ വാഹനം മുന്നോട്ട് . മൺപാതയിലൂടെയുള്ള വനയാത്ര ദേവീക്ഷേത്രം എത്തുമ്പോൾ അവസാനിക്കുന്നു. ഇവിടെ നിന്നാണ് സർവജ്ഞപീഠത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഈ യാത്ര രണ്ടു രീതിയിൽ ആകാം ഒന്നുകിൽ ജീപ്പ് ഡ്രൈവർ അനുവദിച്ചുതരുന്ന ഒന്നര മണിക്കൂർ സമയത്തിനകം ഓടിപ്പോയി സർവജ്ഞപീഠം കണ്ടു വിശ്രമമില്ലാതെ തിരിച്ചുവരുക അല്ലെങ്കിൽ കർണാടക സർക്കാരിന്റെ ഗെസ്റ്റ് ഹൗസിലോ ക്ഷേത്ര പൂജാരികൾ പാരമ്പര്യമായി നടത്തുന്ന വീടുകളിലോ തങ്ങി പിറ്റേന്നു സമയമെടുത്ത് എല്ലാംകണ്ട് മലയിറങ്ങാം.
മൂകാംബിക ക്ഷേത്ര പരിസരത്ത് നിന്നും മുപ്പത് കിലോമീറ്റര്‍ സഞ്ചരിക്കണം കുടജാദ്രി മലനിരകളുടെ താഴെയെത്താൻ. കുടജാദ്രി പർവതത്തിൻ്റെ മുകളിൽ സർവജ്ഞപീഠം . ഐതിഹ്യമനുസരിച്ച്, ശങ്കരാചാര്യർ ദേവിയിൽ നിന്ന് അനുഗ്രഹം നേടുന്നതിനായി തപസ്സ് ചെയ്ത സ്ഥലം. ഈ മലമുകളിലേക്കുള്ള വഴിയിൽ ഗണപതി ഗുഹ എന്നറിയപ്പെടുന്ന ഒരു ഗുഹയുണ്ട്. മൂകാംബിക ക്ഷേത്രത്തിലേക്കും ശങ്കരാചാര്യർ ധ്യാനിച്ചിരുന്ന ചിത്രമൂല ഗുഹയിലേക്കും പോകുന്ന ഒരു തുരങ്കവും ഈ ഗുഹയിലുണ്ട്.
മലമടക്കുകളിൽ മൂടൽ മഞ്ഞിനെ പതിയെ വകഞ്ഞുമാറ്റി നെറുകയിൽ ചാർത്തിയ കുങ്കുമപൊട്ടുപോലെ ഉയർന്ന വരുന്ന പ്രഭാത സൂര്യൻ വാക്കുകൾക്കും അപ്പുറമാണ്.
കുടജാദ്രിയില്‍ സാഹസികതയുണ്ട്, അപകടസാധ്യതയില്ല. താല്‍പര്യമുള്ള ആര്‍ക്കും കയറാവുന്നതേയുള്ളൂ കൽപടവുകൾ പിന്നിട്ടു സർവജ്ഞപീഠം ഇറങ്ങുമ്പോൾ പിന്തിരിഞ്ഞു നോക്കരുത്. അതാണു നിയമം. സർവജ്ഞപീഠവും കുടജാദ്രിയും നല്കുന്ന വൈബ് ആത് ഒന്ന് വേറെതന്നെയാണ്.
story highlight: a trip to kudajadri