കൊല്ലം: ചില്ലറയുടെ പ്രശ്‌നം പരിഹരിക്കാനും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനും വേണ്ടി കെ.എസ്.ആർ.ടി.സിയുടെ സ്മാർട്ട് ട്രാവൽ കാർഡായ ‘ചലോ ട്രാവൽ കാർഡ്’ പദ്ധതി ഓണത്തിന് ജില്ലയിൽ തുടക്കമാകും എന്നാണ് അറിയുന്നത്
സീസൺ ടിക്കറ്റ് മാതൃകയിൽ ആർ.എഫ്.ഐ.ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് ആണ് സുരക്ഷാ സംവിധാനങ്ങളോടെ കാർഡ് പുറത്തിറക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ പരീക്ഷണാർത്ഥം തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ചലോ ട്രാവൽ കാർഡ് വിജയകരമായി അതോടെ മറ്റ് ജില്ലകലിലേയ്ക്ക് ഇത് വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ചലോ മൊബിലിറ്റി സൊല്യുഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ ഒരു ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്. കാർഡ് ഉപയോഗവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കുള്ള പരിശീലനം വരെ ഇപ്പോൾ നടക്കുന്നുണ്ട്. കാർഡിൽ പണം റീച്ചാർജ് ചെയ്യുന്നതിന് അനുസരിച്ച് വിവിധ ഓഫറുകളും ലഭിക്കും.
പുതിയ ടിക്കറ്റ് മെഷീനുകൾ ഉപയോഗിച്ച് കാർഡ് നമ്പർ നൽകിയോ ക്യുആർ കോഡ് സ്‌കാൻ ചെയ്‌തോ മറ്റോ ബാലൻസ് പരിശോധിക്കാൻ സാധിക്കും. ദീർഘദൂര സർവീസുകളിലുൾപ്പെടെ ഈ കാർഡ് ഉപയോഗിക്കാൻ സാധിക്കും. എല്ലാ പ്രധാന ഡിപ്പോകളിലും കാർഡ് പ്രിന്റ് ചെയ്യുന്നതിനുള്ള മെഷീനുകൾ, സെർവർ, ആവശ്യമായ പേപ്പറുകൾ, നാല് കമ്പ്യൂട്ടറുകൾ എന്നിവ കരാർ കമ്പനികൾ നൽകും.
ചലോ ട്രാവൽ കാർഡ് വഴിയുള്ള ഒരു ടിക്കറ്റിന് കെ.എസ്.ആർ.ടി.സി കമ്പനിക്ക് 13 പൈസ നൽകണമെന്നാണ് ഇവരുടെ കരാർ. മെഷീനുകളുടെ വാർഷിക അറ്റകുറ്റപ്പണി, ഡാറ്റ അനലറ്റിക്സ് ഉൾപ്പെടെയുള്ള ചെലവുകൾ ഈ കരാർ കമ്പനിയാണ് വഹിക്കുക.
പത്തനാപുരത്ത് ഗതാഗതമന്ത്രി കെ.ബി.ഗണേശ്കുമാർ പങ്കെടുത്ത യോഗത്തിൽ ചലോ ട്രാവൽ കാർഡുമായി ബന്ധപ്പെട്ട പുരോഗതികൾ വിലയിരുത്തിയിരുന്നു. സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതികളുടെ ഭാഗമായിട്ട് ഓണത്തിന് ചലോ ട്രാവൽ കാർഡ് പുറത്തിറക്കുന്നത് എന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിക്കുന്നത്.
Story Highlights ;KSRTC Travel Card