കേരളത്തിലെ പ്രസിദ്ധ ഭഗവതിക്ഷേത്രങ്ങളിലൊന്നാണ് പാലക്കാട് ജില്ലയില്‍ പാലക്കാട് നഗരത്തിനടുത്തുള്ള വടക്കന്തറയിലുള്ള പ്രസിദ്ധമായ ശ്രീ തിരുപുരായ്ക്കല്‍ ഭഗവതിക്ഷേത്രം. പരാശക്തിയുടെ ഉഗ്രഭാവമായ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. എന്നാല്‍ ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയായി സങ്കല്‍പിച്ചാണ് പൂജ നടത്തിവരുന്നത്. ക്ഷേത്രത്തില്‍ മൂന്ന് വര്‍ഷത്തിലൊരിയ്ക്കല്‍ നടത്തിവരുന്ന വലിയവിളക്കുവേല വളരെ പ്രസിദ്ധമാണ്. നവരാത്രിയും ഇവിടെ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഉപദേവതകളായി ഗണപതി, അയ്യപ്പന്‍, നാഗദൈവങ്ങള്‍, ബ്രഹ്‌മരക്ഷസ്സ് എന്നിവരും ക്ഷേത്രത്തില്‍ കുടികൊള്ളുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്രം.
തിരുപുരായ്ക്കല്‍ ഭഗവതിക്ഷേത്രത്തിന്റെ ഐതീഹ്യ കഥ ഏറെ പ്രസിദ്ധമാണ്. ചിലപ്പതികാരത്തിലെ നായകനായ കോവലനെ ചെയ്യാത്ത തെറ്റിന് വധിച്ചുകളഞ്ഞ വിവരമറിഞ്ഞ അദ്ദേഹത്തിന്റെ ഭാര്യയായ കണ്ണകി മധുരാനഗരം ചുട്ടെരിച്ച് കേരളത്തിലേയ്ക്ക് യാത്രതിരിച്ചു. പോകുന്ന വഴിയില്‍ പാലക്കാട്ടെത്തിയ കണ്ണകി അടുത്തുള്ള മേലാമുറി എന്ന സ്ഥലത്ത് താമസിച്ചു. പാലക്കാട് രാജാവായിരുന്ന ശേഖരിവര്‍മ്മയ്ക്ക് ദര്‍ശനം നല്‍കിയ ഭഗവതി തുടര്‍ന്ന് അവിടെ സ്വയംഭൂവായി അവതരിച്ചു. ശേഖരിവര്‍മ്മ അവിടെ ഭഗവതിയ്ക്ക് ഒരു ക്ഷേത്രം നിര്‍മ്മിച്ചു. ഇത് ‘നടുപ്പതിമന്ദം ക്ഷേത്രം’ എന്ന പേരില്‍ അറിയപ്പെട്ടു. ഭഗവതിയോടൊപ്പം രണ്ട് സഹോദരിമാരും വന്നിരുന്നതായി പറയപ്പെടുന്നു. അവരിലൊരാള്‍ പിരായിരിയിലും മറ്റൊരാള്‍ തിരുനെല്ലായിയിലും കുടികൊണ്ടു. ഇവര്‍ യഥാക്രമം ‘കണ്ണുക്കോട്ട് ഭഗവതി’ എന്നും ‘കണ്ണാടത്ത് ഭഗവതി’ എന്നും അറിയപ്പെട്ടു. ഇന്നും ഈ ക്ഷേത്രങ്ങള്‍ നിലവിലുണ്ട്.
മധുരയില്‍ നിന്ന് രക്ഷപ്പെട്ടുപോന്ന ഒരു ജനവിഭാഗം ഈ യാത്രയില്‍ ഭഗവതിമാരെ അനുഗമിച്ചിരുന്നു. മൂത്താന്‍ എന്നാണ് ഈ ജാതി അറിയപ്പെടുന്നത്. ഇന്നും ഈ ജാതിക്കാര്‍ പാലക്കാട്ട് സ്ഥിരതാമസമാക്കിയിട്ടുണ്ട്. വൈശ്യരായ അവര്‍ ആദ്യം കുടികൊണ്ട സ്ഥലത്തിന് ‘മൂത്താന്തറ’ എന്നാണ് പേരിട്ടിരിയ്ക്കുന്നത്. തമിഴ് പാരമ്പര്യമുള്ള ജാതിയാണെങ്കിലും മൂത്താന്മാര്‍ മലയാളം തന്നെയാണ് മാതൃഭാഷയാക്കിയിരിയ്ക്കുന്നത്.
ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത് നടുപ്പതിമന്ദം ക്ഷേത്രമടക്കം പാലക്കാട്ടെ മിക്ക ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് നടുപ്പതിമന്ദത്തുണ്ടായിരുന്ന ഭഗവതിവിഗ്രഹം ഭക്തര്‍ വടക്കന്തറയില്‍ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു. അവിടത്തെ പ്രശസ്ത നായര്‍ കുടുംബമായ തരവത്ത് തറവാട്ടിലാണ് ആദ്യം ഭഗവതിയുടെ പ്രതിഷ്ഠയുണ്ടായിരുന്നത്. പിന്നീട്, രാമപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിനടുത്തുള്ള അത്തിമരച്ചുവട്ടില്‍ ഭഗവതിയെ പ്രതിഷ്ഠിച്ചു. പിന്നീട് മരം നിലനിര്‍ത്തിക്കൊണ്ടുതന്നെ അവിടെയൊരു ശ്രീകോവിലും പണികഴിപ്പിച്ചു. ഉപദേവതാപ്രതിഷ്ഠകളും ഇതിനോടനുബന്ധിച്ചുതന്നെ നടത്തി. അങ്ങനെയാണ് പ്രസിദ്ധമായ വടക്കന്തറ തിരുപുരായ്ക്കല്‍ ഭഗവതിക്ഷേത്രം നിലവില്‍ വന്നത്.
STORY HIGHLIGHTS: Vadakanthara Sree Thirupuraikkal Bhagavathi Temple, Palakkad