തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതിയ ആഗോള ആസ്ഥാനവും ഗവേഷണ-വികസന കേന്ദ്രവും തുറന്ന് ലോകത്തെ മുൻനിര വാഹനസോഫ്ട്‍വെയർ നിർമാതാക്കളായ ആക്സിയ ടെക്‌നോളജീസ്. ഡിജിറ്റൽ കോക്ക്പിറ്റുകൾ, ഡിസ്പ്ളേകൾ, ഇലക്ട്രിക് ഗതാഗത സംവിധാനങ്ങൾ, ടെലിമാറ്റിക്സ് എന്നിവയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ സവിശേഷ സോഫ്ട്‍വെയറുകൾ നിർമിക്കുന്ന കമ്പനിയുടെ പുതിയ ആസ്ഥാനകേന്ദ്രം ടെക്‌നോപാർക് ഫെയ്‌സ് 3യിലെ എംബസി ടോറസ് ടെക്സോണിലാണ് സ്ഥിതിചെയ്യുന്നത്. വ്യവസായ, നിയമ, കയർ വകുപ്പുകളുടെ മന്ത്രി ശ്രീ. പി. രാജീവ് പുതിയ ഓഫിസ് ഉദ്‌ഘാടനം ചെയ്തു. മുൻ മന്ത്രിയും നിലവിലെ എംഎൽഎയുമായ ശ്രീ. കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ചു.
കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ വ്യവസായരംഗത്തുൾപ്പെടെ വിവിധ മേഖലകളിൽ വലിയ വളർച്ച കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അടുത്തഘട്ടത്തിൽ, തിരുവനന്തപുരത്തെ ആഗോളവാഹനവിപണിയുടെ സാങ്കേതിക ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അതിനുവേണ്ട ഡിജിറ്റൽ സാക്ഷരത കേരളം കൈവരിച്ചുകഴിഞ്ഞതായും ആക്സിയ ടെക്‌നോളജീസിന്റെ ശക്തമായ സാന്നിധ്യത്തെക്കുറിച്ച് എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഈ വളർച്ചാസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള സാങ്കേതികമികവും പരിശീലനവും ചെറുപ്പക്കാർക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നവംബറിൽ തിരുവനന്തപുരത്ത് നടത്താൻ പദ്ധതിയിട്ടിരിക്കുന്ന ആഗോള ഓട്ടോമോട്ടീവ് കോൺക്ലേവ് ഈ ശ്രമങ്ങളിൽ നിർണായക നാഴികക്കല്ലാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രൗഢഗംഭീരമായ പരിപാടിയിൽ നിർമിതബുദ്ധിയുടെ പ്രായോഗികരൂപമായ (ജനറേറ്റീവ് എ.ഐ) “ലീല”യുടെ ലോഞ്ചും പി. രാജീവ് നിർവഹിച്ചു. വാഹനസോഫ്ട്‍വെയറുകൾ നിർമിക്കാനായി പ്രത്യേകം രൂപകൽപന ചെയ്ത ആക്‌സിയയുടെ എ.ഐ. കോപൈലറ്റ് ആണ് ലീല . ഒരു സ്പീഡോമീറ്റർ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ സോഫ്ട്‍വെയർ കോഡുകൾ എഴുതാനായിരുന്നു മന്ത്രി പി. രാജീവ് “ലീല”യോട് ഉദ്‌ഘാടനവേളയിൽ ആവശ്യപ്പെട്ടത്. ഞൊടിയിടയിൽ ആ ദൗത്യം പൂർത്തിയാക്കി ലീല സദസിനെ അത്ഭുതപ്പെടുത്തി. അതോടെ, ആഗോള വാഹനവിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പുതിയൊരു ചുവടുവെയ്പ്പിന് കേരളം സാക്ഷിയായി.
സോഫ്ട്‍വെയറിന് ആവശ്യമായ കോഡുകൾ എഴുതുമ്പോൾ ആവർത്തിച്ച് ചെയ്യേണ്ടിവരുന്ന ചില ജോലികൾ നിർമിതബുദ്ധിയുടെ സഹായത്താൽ ലഘൂകരിക്കാൻ “ലീല”ക്ക് കഴിയും. അങ്ങനെ സോഫ്ട്‍വെയർ എഞ്ചിനീയർമാർക്ക് സങ്കീർണവും സർഗാത്മകവുമായ മറ്റ് പ്രധാനമേഖലകളിൽ കൂടുതൽ സമയവും ശ്രദ്ധയും ചെലുത്താൻ കഴിയും. ലളിതമായ ചില നിർദേശങ്ങൾ നൽകിയാൽ, ഒരു ബൃഹത് ഭാഷാമാതൃക (എൽഎൽഎം) ഉപയോഗിച്ച് കൃത്യവും ഫലപ്രദവുമായ കോഡുകൾ ആവശ്യാനുസരണം ലീല തയാറാക്കി നൽകും. കോഡുകളുടെ ചെറുശകലങ്ങളാണ് ലീല തയാറാക്കുക. ഇങ്ങനെ നിർമിക്കപ്പെടുന്ന ഓരോ കോഡും കോപൈലറ്റിൽ ലഭ്യമായിരിക്കും. മറ്റ് സോഫ്ട്‍വെയർ എഞ്ചിനീയർമാർക്ക് ഈ കോഡുകൾ നിരീക്ഷിക്കാനും പരിശോധിക്കാനും മാറ്റങ്ങൾ വരുത്താനും കഴിയും. എല്ലാം തൃപ്തികരമാണെങ്കിൽ കോഡുകൾ പ്രവർത്തിപ്പിക്കാനുള്ള നിർദേശം നൽകാം. എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പ്രത്യേക പരിശോധനയുമുണ്ടാകും.
നിർമിതബുദ്ധിയുടെയും (എ.ഐ) യന്ത്രപഠനത്തിന്റെയും (എം.എൽ) നൈതികമാതൃകകളാണ് ആക്സിയ ഏറ്റെടുക്കുന്നത്. കമ്പനിയുടെ പ്രവർത്തനങ്ങളുടെ മേന്മയും കാര്യക്ഷമതയും സുരക്ഷയും വർധിപ്പിക്കാനും ചെലവ് ഗണ്യമായി കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ എല്ലാ സോഫ്ട്‍വെയർ ഉല്പന്നങ്ങളിലും ഒരേ ഗുണമേന്മ ഉറപ്പാക്കുന്നതിനും ന്യൂനതകൾ ഒഴിവാക്കുന്നതിനുമാണ് ഈ സംവിധാനങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. ആക്‌സിയയുടെ സോഫ്ട്‍വെയറുകളുടെ വിശ്വാസ്യത കൂട്ടാൻ ഇതുപകരിക്കും.
ലോകത്തെ മുൻനിര വാഹനനിർമാണ കമ്പനികൾ അവരുടെ ഉല്പാദനപ്രക്രിയ സുഗമമായി മുന്നോട്ടുനയിക്കുന്നതിന് ആക്‌സിയ ടെക്‌നോളജീസിന്റെ സോഫ്ട്‍വെയറുകളെ ആശ്രയിക്കുന്നുണ്ടെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ പറഞ്ഞു. വാഹനസാങ്കേതികവിദ്യകൾ പരമാവധി ലഘൂകരിക്കുക എന്നതാണ് തുടക്കംമുതലേയുള്ള കമ്പനിയുടെ ലക്‌ഷ്യം. ഡിജിറ്റൽ കോക്ക്പിറ്റുകൾ, ഡിസ്പ്ളേകൾ, ഇലക്ട്രിക് ഗതാഗത സംവിധാനങ്ങൾ, ടെലിമാറ്റിക്സ് എന്നിവയുടെ സങ്കീർണമായ പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിനും സുരക്ഷയിലും ഗുണമേന്മയിലും പുതിയ ഉയരങ്ങൾ കീഴടക്കാനുമാണ് ആക്സിയ നിരന്തരം ശ്രമിക്കുന്നത്. വാഹനമോടിക്കുന്നവർക്കും യാത്രക്കാർക്കും അതിന്റെ പ്രയോജനങ്ങൾ കിട്ടുമെന്ന് ജിജിമോൻ ചന്ദ്രൻ വ്യക്തമാക്കി.
വാഹനസാങ്കേതികവിദ്യയിൽ ആഗോളഹബ്ബായി മാറാൻ തിരുവനന്തപുരത്തിന് കഴിയുമെന്നും ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയാണ് ആക്സിയ ചെയ്യുന്നതെന്നും ജിജിമോൻ ചന്ദ്രൻ പറഞ്ഞു. സർക്കാർ സംവിധാനങ്ങളും സിഐഐ കേരള പോലെയുള്ള സ്ഥാപനങ്ങളുമായി ചേർന്ന് തലസ്ഥാനനഗരത്തെ വാഹനവിപണിയിൽ മുൻനിരകേന്ദ്രമാക്കാനാണ് കമ്പനിയുടെ ശ്രമം. ഇവിടെയൊരു ആസ്ഥാനകേന്ദ്രം തുടങ്ങുന്നതിലൂടെ നിരവധിയാളുകൾക്ക് ജോലി ലഭ്യമാക്കാനും സംസ്ഥാനത്തിന്റെ മുഴുവൻ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകാനും കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ആക്സിയ ടെക്‌നോളജീസിനെ സംബന്ധിച്ചിടത്തോളം കമ്പനിയുടെ പ്രവർത്തനങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ആയിരം പേർക്ക് ഇരിക്കാവുന്ന ഈ പുതിയ ഓഫിസ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അഭൂതപൂർവമായ വളർച്ചയാണ് കമ്പനി കൈവരിച്ചിട്ടുള്ളത്. പുതുമകൾ ആവിഷ്കരിക്കാനും മികവിനുമുള്ള കമ്പനിയുടെ ശ്രമങ്ങൾ വ്യക്തമാക്കുന്ന ഈ നീക്കം, ഭാവിയിലേക്കുള്ള വൻകുതിച്ചുചാട്ടം കൂടി മനസ്സിൽക്കണ്ടുകൊണ്ടുള്ളതാണ്. ഇലക്ട്രിക്ക് വാഹനങ്ങളുടെയും സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹനങ്ങളുടെയും പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള കാറുകളുടെയും മേഖലയിൽ വലിയ അവസരങ്ങളാണ് ലോകമെമ്പാടും തുറന്നുകൊണ്ടിരിക്കുന്നത്. ആ സാഹചര്യത്തിൽ ലോകത്തെ മുൻനിര വാഹനനിർമാണ കമ്പനികളുമായി ചേർന്ന് യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വൻ അവസരങ്ങളിലാണ് ആക്സിയ കണ്ണുവയ്ക്കുന്നത്.
നൈപുണ്യമുള്ള ഉദ്യോഗാർത്ഥികളും വ്യാവസായിക വൈദഗ്ധ്യവും ഇഴചേരുന്നതാണ് കേരളത്തിന്റെ, പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ, ഏറ്റവും വലിയ ശക്തിയെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐഎഎസ് പറഞ്ഞു. വെറും പത്തുവർഷങ്ങൾ കൊണ്ട് അന്താരാഷ്ട്ര വാഹനവിപണിയിൽ ആക്സിയ ടെക്‌നോളജീസ് കൈവരിച്ച വളർച്ച അതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച പ്രവർത്തിപരിചയവും പരിശീലനവും സിദ്ധിച്ച ജീവനക്കാരും ഉദ്യോഗസ്ഥരുമാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് ആക്സിയ ടെക്‌നോളജീസിന്റെ നയതന്ത്ര ഉപദേഷ്ടാവുമായ സ്റ്റെഫാൻ ജുറാഷെക് പറഞ്ഞു. ഈ നേട്ടങ്ങളാണ് സംസ്ഥാനത്തെ വാഹനവ്യവസായ രംഗത്ത് പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഎംഡബ്ള്യു ഗ്രൂപ്പിന്റെ മുൻ ഗവേഷണ-വികസന വിഭാഗം വിപിയായിരുന്നു സ്റ്റെഫാൻ ജുറാഷെക്.
ബിഎംഡബ്ള്യു ഗ്രൂപ്പിൽ നിന്നെത്തിയ ക്രിസ്റ്റിന ഹെയ്‌ൻ, ജർമൻ ഫെറേയ്‌റ എന്നീ അതിഥികളും കേരളത്തിന്റെ അനന്തസാധ്യതകളെ കുറിച്ച് വേദിയിൽ വാചാലരായി. കേരളത്തിലെ സാധ്യതകളെയും ഭാവിയെയും പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഇരുവരും പറഞ്ഞു.
നിരവധി പ്രമുഖവ്യക്തിത്വങ്ങളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായ ചടങ്ങാണ് ആക്സിയ ടെക്‌നോളജീസിന്റെ പുതിയ ആസ്ഥാന കേന്ദ്രത്തിൽ നടന്നത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐഎഎസ്, ബിഎംഡബ്ള്യു ഗ്രൂപ്പിന്റെ മുൻ ഗവേഷണ-വികസന വിഭാഗം വിപിയും നിലവിൽ ആക്സിയ ടെക്‌നോളജീസിന്റെ നയതന്ത്ര ഉപദേഷ്ടാവുമായ സ്റ്റെഫാൻ ജുറാഷെക്, ബിഎംഡബ്ള്യു ഗ്രൂപ്പിൽ നിന്നുള്ള ക്രിസ്റ്റീന ഹെയ്‌ൻ, ഹെർമാൻ ഫെറെയ്റ, ടെക്‌നോപാർക് സിഇഒ കേണൽ സഞ്ജീവ് നായർ, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് പി അംബിക, ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്‌സ് എംഡിയും സിഇഒയുമായ അജയ് പ്രസാദ് എന്നിവർ പങ്കെടുത്തു.