സംസ്ഥാനത്തെ ഏറ്റവും അപകടം പിടിച്ച ഒരു മലയുടെ നെറുകയിലേക്ക് ഒരു യാത്ര. കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയെന്ന വിശേഷണത്തിനര്‍ഹമായ അഗസ്ത്യാര്‍കൂടത്തിലേക്കാണ് ആ യാത്ര. പ്രകൃതിയോടൊപ്പം പ്രകൃതിയെ അറിഞ്ഞ് നിരവധി പേരാണ് ഇവിടെ തീര്‍ത്ഥാടനം നടത്തുന്നത്. സമുദ്രനിരപ്പിൽ നിന്നും 1868 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം, അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണ്. ലോകത്ത് മറ്റൊരിടത്തും കാണാത്തത്ര അപൂർവ്വമായ ഔഷധ സസ്യങ്ങളുടെ കലവറയായ ഈ വനമേഖല യുനെസ്കോയുടെ പട്ടികയിലും സ്ഥാനം പിടിച്ചിട്ടുണ്ട്. മനസ്സിനെയും ശരീരത്തെയും ഒരുപോലെ വെല്ലുവിളിക്കുന്ന ട്രെക്കിംഗ് അപൂർവ്വമായ യാത്രാനുഭവമാണ് സഞ്ചാരികൾക്ക് സമ്മാനിക്കുക.
മുനിവര്യനായ അഗസ്ത്യന്‍ വർഷങ്ങളോളം തപസ്സു ചെയ്തയിടമാണ് അഗസ്ത്യാർകൂടം എന്നാണ് വിശ്വാസം. അഗസ്ത്യമല എന്നും ഈ കൊടുമുടിയ്ക്ക് പേരുണ്ട്. അഗസ്ത്യാർകൂടത്തിന്റെ ഏറ്റവും മുകളിലായി അഗസ്ത്യമുനിയുടെ ഒരു വിഗ്രഹമുണ്ട്. ഈ യാത്രയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരു യാത്രയ്ക്കും കഴിയിയല്ലെന്ന യാഥാര്‍ത്ഥ്യം അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്രചെയ്യുന്നവര്‍ക്കു മനസ്സിലാകും . നിബിഡവനങ്ങളും ജലസമൃദ്ധമായ കാട്ടരുവികളും ഇവിടുത്തെ പ്രത്യേകതയാണ്.
അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിന് വനംവകുപ്പില്‍നിന്നും നേരത്തെ പാസ്‌വാങ്ങുക എന്നതാണ് ആദ്യ ഘട്ടം. മകരവളിക്ക് ദിവസം മുതല്‍ ശിവരാത്രി ദിവസം വരെയാണ് തീര്‍ത്ഥാടനം അനുവദിച്ചിട്ടുള്ളത്. ഒരുദിവസം നൂറുപേര്‍ക്ക് മാത്രമാണ് പ്രവേശനം. ഈ യാത്രയില്‍ പ്ലാസ്റ്റിക്, ലഹരിസാധനങ്ങള്‍ എന്നിവയുടെ ഉപയോഗം വനംവകുപ്പ് കര്‍ശനമായി നിരോധിക്കുകയും ചെയ്തിട്ടുണ്ട്. യാത്രയ്ക്ക് എത്തുന്നവര്‍ തങ്ങളുടെ ബാഗുകള്‍ പരിശോധന വിധേയമാക്കേണ്ടിവരും. പ്രകൃതിക്ക് ദോഷമുണ്ടാക്കുന്ന ഒരു വസ്തുക്കളും അഗസ്ത്യാകൂടത്തിലേക്ക് കൊണ്ടുപോകാനാകില്ല. രാവിലെ എട്ടുമണിയോടെ ബോണക്കാട്ട് നിന്നുമാണ് അഗസ്ത്യാര്‍കൂട യാത്ര ആരംഭിക്കുന്നത്.
ട്രെക്കിംഗിൽ പങ്കെടുക്കുന്നവർ ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. പാറയുടെ ഒരു മകുടമാണ് അഗസ്ത്യാർകൂടം കൊടുമുടി. അതിനുമേൽ കയറിപ്പറ്റുക എന്നതാണ് യാത്രയുടെ പ്രധാന വെല്ലുവിളി. വളരെ ദുര്‍ഘടം പിടച്ച വഴികളും കല്ലുകളും കടന്നുവേണം യാത്ര ചെയ്യാന്‍. അഗസ്ത്യമലയുടെ മകുടം ഏതൊരു മനുഷ്യമനസ്സിനെയും ആനന്ദിപ്പിക്കുന്ന കാഴ്‌ചകളാണ് ഒരുക്കിയിരിക്കുന്നത്; പഞ്ചപാണ്ഡവമല,റിസർവോയറും നെയ്യാർ റിസർവോയറും തമിഴ്നാട്ടിലെ പാപനാശവും തിരുനെൽവേലിയുമെല്ലാം ഇവിടെനിന്നു കാണാം.
അഗസ്ത്യാർകൂടം നിരോധിത വനപ്രദേശമായതിനാൽ കേരള വനം വകുപ്പിന്റെ അനുമതിയില്ലാതെ ഈ വനമേഖലയിലേക്ക് ആർക്കും പ്രവേശിക്കാനാവില്ല. സീസൺ ടൈമിൽ വനം വകുപ്പ് പബ്ലിക്കിനായി ട്രെക്കിംഗ് അനുവദിക്കും. 70 പേർ വരെ ഓൺലൈൻ രജിസ്ട്രേഷനായും 30 പേർക്ക് ഓഫ് ലൈൻ ആയും രജിസ്റ്റർ ചെയ്യാം. ഒരു ദിവസം 100 പേർക്ക് മാത്രമേ ട്രെക്കിംഗിന് അനുമതിയുള്ളൂ.
story highlight: Agasthyarkoodam trekking