ഒരു കാലത്തു ആഞ്ഞിലിച്ചക്ക എന്നത് വീടുകളിലെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു. എത്ര വലിയ മരമാണെങ്കിലും കുട്ടികള്‍ അതില്‍ വലിഞ്ഞു കയറി ആഞ്ഞിലിക്ക പറിച്ചു കഴിക്കുന്നത് നാട്ടിന്‍പുറങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു. സ്‌കൂള്‍ അവധിയുടെ സമയങ്ങളിലാണ് ആഞ്ഞിലിക്കാ പഴുക്കുന്നത്. എന്നാല്‍ ഇന്നത് കണികാണാന്‍ മാത്രമായി ചുരുങ്ങി. ആരും അവ പറിച്ച് കഴിക്കാനൊന്നും മെനക്കെടാതെയായി.
ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയാണ് ഈ മരം പൂക്കുന്നത്. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളാണ് ആഞ്ഞിലിയുടെ വിളവെടുപ്പുകാലം. ആഞ്ഞിലിച്ചക്ക, ആഞ്ഞിലിപ്പഴം, മറിയപ്പഴം, ഐനിച്ചക്ക, ആനിക്കാവിള, അയണിച്ചക്ക, അയിനിപ്പഴം തുടങ്ങിയ പേരുകളില്‍ പല സ്ഥലങ്ങളിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ വിത്തും വറുത്തു ഭക്ഷിക്കാറുണ്ട്.
നാല്‍പതു മീറ്ററോളം പൊക്കവും രണ്ടരമീറ്റര്‍ വരെ വണ്ണവും ഇവയ്ക്കുണ്ടാകാറുണ്ട്. നല്ല ഈര്‍പ്പമുള്ള മണ്ണാണ് ആഞ്ഞിലിക്ക് യോജിച്ചത്. ആദ്യത്തെ എട്ടുപത്തുവര്‍ഷം വളര്‍ച്ച സാവധാനത്തിലാണ്. ഇലകള്‍ക്ക് ശരാശരി 15 സെന്റിമീറ്റര്‍ നീളവും 8 സെന്റിമീറ്റര്‍ വീതിയുമുണ്ട്. ആഞ്ഞിലിയുടെ ഇലകളിലും തണ്ടിലും ചെറിയ നാരുകളുണ്ട്. വെളുത്ത കറയുള്ള ഈ മരം നല്ല ഉറപ്പും ബലവുമുള്ളതാണ്. ആഞ്ഞിലിപ്പഴത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ട്.
ആഞ്ഞിലിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍;
- മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഔഷധ ഗുണങ്ങളും ഈ നാടന്‍ പഴത്തിനുണ്ട്
- ജീവകം എ,സി എന്നിവയും സിങ്ക്, സോഡിയം, ഫോളിക് ആസിഡ്, പൊട്ടാസിയം എന്നിവയും ഇതില്‍ ധാരാളമുണ്ട്
- ഫൈബര്‍ ധാരാളമടങ്ങിയിട്ടുണ്ട് ഈ പഴത്തില്‍
- ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നതിനൊപ്പം ആഞ്ഞിലിപ്പഴത്തിന്റെ മാംസത്തിലും വിത്തിലും അസ്‌കോര്‍ബിക് ആസിഡും ഫിനോളിക് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ആന്റിഓക്സിഡന്റ് പ്രവര്‍ത്തനത്തിന് സഹായിക്കുന്നു
- ഇതിലെ ഫൈറ്റോകെമിക്കലുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, ഹൃദ്രോഗങ്ങള്‍, അസ്ഥികളുടെ വേദന തുടങ്ങിയവയുടെ അപകടസാധ്യതകള്‍ കുറയ്ക്കുന്നു
- നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇതിനു കഴിയും
- രക്തത്തിലെ ഹാനികരമായ ഹോമോസിസ്റ്റീന്‍ സാന്ദ്രത കുറയ്ക്കാനും ഈ പഴങ്ങള്‍ക്ക് കഴിയും
- ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം ഉള്ളതിനാല്‍, രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ആഞ്ഞിലിപ്പഴം സഹായിക്കുന്നു
- പക്ഷാഘാതം, ഹൃദ്രോഗം എന്നിവയുടെ അപകടസാധ്യതകളെ തടയുകയും ചെയ്യുന്നുണ്ട്. ആഞ്ഞിലിപ്പഴത്തില്‍ നിന്ന് ലഭിക്കുന്ന മറ്റ് ചില അവശ്യ ധാതുക്കള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കുന്നവയാണ്
STORY HIGHLIGHTS: Artocarpus Hirsutus Health Benefits