ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ഡൽഹി എയിംസിൽ ഡോക്ടർമാർ തുടർന്നു വന്നിരുന്ന സമരം അവസാനിപ്പിച്ചു. സുപ്രീംകോടതിയില്‍ നിന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് 11 ദിവസം നീണ്ട സമരം അവസാനിപ്പിക്കുന്നതെന്ന് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് (ആര്‍ഡിഎ) പ്രസ്താവനയില്‍ അറിയിച്ചു.
സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ ഇടപെടുമെന്ന് സുപ്രീംകോടതി ഉറപ്പുതന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. രാജ്യതാല്‍പ്പര്യവും പൊതുസേവനത്തിന്റെ ആവേശവും കണക്കിലെടുത്താണ് തീരുമാനമെന്ന് സംഘടന അറിയിച്ചു.
എല്ലാ ഡോക്ടർമാർമാരും അടിയന്തരമായി ജോലിക്ക് കയറണമെന്നും ദേശീയ കർമ്മസമിതി റിപ്പോർട്ട് വരും വരെ പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രതിഷേധിച്ചവർക്കെതിരെ ഒരു നടപടിയും എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഇതോടെ സമരം അവസാനിപ്പിക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.
യുവ ഡോക്ടറുടെ ബലാത്സംഗ കൊലയുമായി ബന്ധപ്പെട്ട് കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ തുടര്‍ച്ചയായ ഏഴാം ദിവസവും സി ബി ഐ ചോദ്യം ചെയ്യുകയാണ്. ആര് ജി കര് മെഡിക്കല്‍ കോളേജിന്റ സുരക്ഷ പൂര്‍ണ്ണമായും സിഐഎസ്എഫ് ഏറ്റെടുത്തു.
സന്ദീപ് ഘോഷിനെ നുണ പരിശോധന നടത്താന്‍ സിബിഐ കോടതിയുടെ അനുമതി തേടും എന്നാണ് സൂചന. ആര് ജി കര് പുതിയ പ്രിന്‍സിപ്പല്‍ സുഹൃദാ പോള്‍,ആശുപത്രി സൂപ്രണ്ട്, ബുള്‍ബുള്‍ മുഖോപാധ്യായ, ചെസ്റ്റ് മെഡിസിന് ഡിപ്പാര്‍ട്ട്മെന്റ് മേധാവി അരുണാവ ദത്ത ചൗധരി എന്നിവരെ സര്‍ക്കാര്‍ ചുമതലകളില്‍ നിന്നും നീക്കി.