Kerala

കാഫിർ സ്ക്രീൻഷോട്ട്; റിബേഷ് പറയാത്തതിന് കാരണമുണ്ടാകും; ഇടതുപക്ഷത്തെ ആർക്കും പങ്കില്ലെന്ന് കെ.കെ ലതിക

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടതുപക്ഷത്തെ ഒരാൾക്കും പങ്കുണ്ടാവില്ലെന്ന് മുൻ എം.എൽ.എ കെ.കെ. ലതിക. മുഖ്യമന്ത്രിയും എം.വി. ​ഗോവിന്ദനും പറഞ്ഞതിലപ്പുറമൊന്നും പറയാനില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഒരുതരത്തിലുള്ള വർ​ഗീയ പ്രചാരണം ഉണ്ടാകരുതെന്ന് നിർദേശമുണ്ടായിരുന്നുവെന്നും ലതിക മാധ്യമങ്ങളോട് പറഞ്ഞു.

റിബേഷ് കൂടുതൽ കാര്യങ്ങൾ പറയാത്തതിൽ കാരണമുണ്ടാകും. റിബേഷിന് മാത്രമല്ല ഇടതുപക്ഷത്തെ ഒരാൾക്കും ഇതിൽ പങ്കുണ്ടാകില്ല. അന്വേഷണം വരട്ടെയെന്നും ലതിക പറഞ്ഞു. കെ.കെ ലതികയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

കാഫിർ വിവാദവുമായി ബന്ധപ്പെട്ട പോസ്റ്റർ കെ.കെ ലതികയടക്കമുള്ള ഇടതു പ്രൊഫൈലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കാസിം എന്ന യൂത്ത് ലീഗ് പ്രവർത്തകൻ്റെ പേരിലാണ് സ്ക്രീൻഷോട്ട് പ്രചരിച്ചിരുന്നത്. കാസിം തന്നെയാണ് സംഭവത്തിൽ കേസ് നൽകിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ സർക്കാർ നിയമപരമായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കെ കെ ലതിക പറഞ്ഞു. സ്ത്രീപക്ഷ സർക്കാർ ആയതുകൊണ്ടാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതെന്നും അവർ പറഞ്ഞു.