ന്യൂഡൽഹി: പീഡനക്കേസ് പ്രതികൾക്ക് കടുത്ത ശിക്ഷലഭിക്കുന്ന തരത്തിൽ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്ത് ഓരോ ദിവസവും പീഡനക്കേസുകൾ കൂടിവരുകയാണ്. ഈ സ്ഥിതി ആശങ്കാജനകമാണ്. പീഡനക്കേസിൽ ശിക്ഷ വിധിക്കുന്നതിനായി അതിവേഗ കോടതി സ്ഥാപിക്കണം. 15 ദിവസത്തിനകം ശിക്ഷ നടപ്പാക്കുന്ന അതിവേഗ സംവിധാനമായിരിക്കണം നടപ്പാക്കേണ്ടതെന്നും മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
കൊല്‍ക്കത്തയിൽ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മമത ബാനര്‍ജി പ്രധാനമന്ത്രിയ്ക്ക് കത്തയക്കുന്നത്. രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥിതി അശങ്കാജനകമാണെന്നുമാണ് കത്തില്‍ മമത ബാനര്‍ജി പറയുന്നത്. കേന്ദ്രം ഇക്കാര്യത്തില്‍ പൊതുവായ നടപടി സ്വീകരിക്കണം.
ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത്. സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും ആത്മവിശ്വാസവും മനസാക്ഷിയും ഉലക്കുന്നതാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാൻ നമുക്കെല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. ഇത്തരം അതിക്രൂര കുറ്റങ്ങള്‍ നടത്തുന്ന കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രം നിയമ നിര്‍മാണം നടത്തണമെന്നും മമത ബാനര്‍ജി കത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസം ബംഗാൾ പൊലീസിനെതിരെ കനത്ത വിമർശനമാണ് സുപ്രിംകോടതി ഉന്നയിച്ചത്. എന്തുകൊണ്ടാണ് കേസെടുക്കാനും പോസ്റ്റ്മോർട്ടം നടത്താനും വൈകിയതെന്ന് ബംഗാൾ സർക്കാരും പൊലീസും മറുപടി പറയണമെന്ന് കോടതി പറഞ്ഞിരുന്നു. കൊലപാതകമാണെന്നു വ്യക്തമായിട്ടും ആശുപത്രി അധികൃതരും പൊലീസും എന്തു ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചിരുന്നു.
ആഗസ്റ്റ് ഒമ്പതിന് രാത്രിയാണ് ആർ.ജി കാർ മെഡിക്കൽ കോളജിൽ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പുലർച്ചെ സെമിനാര്‍ ഹാളിലാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കൊല്‍ക്കത്ത പൊലീസിലെ സിവിക് വോളണ്ടിയറായ സഞ്ജയ് റായ് ആണ് പ്രതി. തൊട്ടടുത്ത ദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സി.ബി.ഐയാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ വലിയ പ്രതിഷേധം തുടരുകയാണ്.