തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സ്ത്രീകളെ വിനോദോപാധി മാത്രമായി കാണുന്ന പ്രശ്നം അതീവ ഗുരുതരമാണ്. ഇത്തരക്കാർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കണമെന്നും ഗവർണർ പറഞ്ഞു.
റിപ്പോർട്ടിൽ പേരുകൾ ഉണ്ടെങ്കിൽ അവർക്കെതിരെ അന്വേഷണ ഏജൻസിക്ക് നടപടി സ്വീകരിക്കാം. റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്.
ഹൈക്കോടതി നിരീക്ഷണങ്ങളെ സര്‍ക്കാര്‍ ബഹുമാനിക്കുമെന്ന് കരുതുന്നു. റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. പൂര്‍ണമായ റിപ്പോര്‍ട്ട് ഹൈക്കോടതി ചോദിച്ച സാഹചര്യത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
അതേ സമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് മൂന്ന് ദിവസത്തിന് ശേഷവും റിപ്പോര്‍ട്ട് പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ആവര്‍ത്തിച്ച് പറയുകയാണ് അമ്മയും ഫെഫ്കയുമടക്കം സംഘടനകൾ. പൊതു അഭിപ്രായം പറയണമെങ്കില്‍ യോഗം കൂടണമെന്നാണ് നിലപാട്.