കൊൽക്കത്ത: കൊൽക്കത്തിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ ആർ.ജെ. കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഉൾപ്പെടെ അഞ്ചുപേരുടെ നുണപരിശോധനയ്ക്ക് കോടതിയുടെ അനുമതി. കൊലപാതകത്തിന് ശേഷമുള്ള ആശുപത്രി നടപടികൾ സംബന്ധിച്ച് സി.ബി.ഐ. സംശയം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നുണപരിശോധനയ്ക്ക് അനുമതി തേടിയത്.
കൊൽക്കത്ത ഹൈകോടതി നിർദേശത്തെ തുടർന്ന് പൊലീസിൽനിന്ന് കേസ് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ നിരവധി തവണ സന്ദീപിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഘോഷിന്‍റെ പ്രതികരണങ്ങളിൽ പൊരുത്തക്കേട് തോന്നിയതോടെയാണ് നുണ പരിശോധന നടത്താൻ കോടതിയുടെ അനുമതി തേടിയത്. ആഗസ്റ്റ് ഒമ്പതിനാണ് പി.ജി ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൊല്ലപ്പെട്ടതിന് പിന്നാലെ വനിതാ ഡോക്ടറുടെ രക്ഷിതാക്കൾക്ക് തെറ്റായ വിവരങ്ങളാണ് പ്രിൻസിപ്പൽ നൽകിയത്. ആദ്യഘട്ടത്തിൽ ആത്മഹത്യയെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. പോലീസിൽ പരാതിപ്പെടാനും വൈകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്നുൾപ്പെടെ നിരന്തരം ചോദ്യം ഉയർന്നിരുന്നു. ‘എന്തുകൊണ്ടാണ് പ്രിൻസിപ്പൽ എഫ്.ഐ.ആർ. രേഖപ്പെടുത്തുന്ന സമയത്ത് എത്താതിരുന്നത്? അദ്ദേഹത്തെ ആരെങ്കിലും അതിൽ നിന്ന് തടഞ്ഞോ?’ തുടങ്ങിയ കാര്യങ്ങൾ കോടതിയിൽ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആവശ്യപ്പെട്ടിരുന്നു.
കേസ് കൈകാര്യം ചെയ്തതിൽ സംസ്ഥാന സർക്കാറിനും പൊലീസിനും ഗുരുതര വീഴ്ച സംഭവിച്ചതായി വ്യാപക വിമർശനം ഉയർന്നിരുന്നു. കുട്ടിയുടെ മൃതദേഹം കാണിക്കാതെ രക്ഷിതാക്കളെ മൂന്നു മണിക്കൂറോളം പുറത്തുനിർത്തിയതും സെമിനാർ ഹാളിനു സമീപത്തെ മുറിയിൽ തിരക്കിട്ട് നവീകരണ പ്രവൃത്തികൾ നടത്തിയതും പലവിധ സംശയങ്ങൾക്ക് ഇടയാക്കി. കേസിൽ അറസ്റ്റിലായ സന്നദ്ധപ്രവർത്തകനെ നുണ പരിശോധനക്ക് വിധേയനാക്കാൻ നേരത്തെ തന്നെ കോടതി അനുമതി നൽകിയിരുന്നു.