ന്യൂഡൽഹി: ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആൾട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് സുബൈറിനെ ‘ജിഹാദി’ എന്നുവിളിച്ച് അധിക്ഷേപിച്ചയാൾ മാപ്പ് പറയണമെന്ന് ഡൽഹി ഹൈക്കോടതി. എക്സിലെഴുതിയ കമന്റിലൂടെയായിരുന്നു ജഗദീഷ് സിങ് എന്നയാൾ സുബൈറിനെ അധിക്ഷേപിച്ചത്. ഇതിൽ, രണ്ട് മാസത്തിനുള്ളിൽ എക്സിലൂടെ തന്നെ പരസ്യമായി മാപ്പ് പറയണമെന്ന് ജസ്റ്റിസ് അനൂപ് ജയ്റാം ഭംഭാനി നിർദേശിച്ചു.
‘ഒരു ജിഹാദി എപ്പോഴും ജിഹാദി തന്നെയാണ്’- എന്നായിരുന്നു ജഗദീഷ് സിങ്ങിന്റെ കമന്റ്. ഈ വിദ്വേഷ കമന്റ് ക്ഷമാപണ ട്വീറ്റിൽ പരാമർശിക്കണമെന്ന് കോടതി പറഞ്ഞു.
‘മുഹമ്മദ് സുബൈറിനെ വേദനിപ്പിക്കാനോ വ്രണപ്പെടുത്താനോ വേണ്ടിയോ ദുരുദ്ദേശ്യത്തോടെയോ ചെയ്യാത്ത മുകളില്‍ പറഞ്ഞ കമന്റില്‍ ഖേദിക്കുന്നു’ എന്ന വാചകം ഉള്‍പ്പെടുത്തിയാണ് ട്വീറ്റ് ചെയ്യേണ്ടത്. ഒരു മാസത്തോളം ഈ ട്വീറ്റ് നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ ചെറുമകളെ സൈബര്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് ആരോപിച്ച് സുബൈറിനെതിരെ ജഗദീഷ് സിംഗ് പരാതി നല്‍കിയിരുന്നു. പോക്‌സോ നിയമപ്രകാരം തനിക്കെതിരെ ചുമത്തിയ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സുബൈറിന്റെ ഹര്‍ജി ജസ്റ്റിസ് ഭംഭാനി തീര്‍പ്പാക്കി. ഹര്‍ജിയില്‍ സുബൈറിന് കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
2020 ഏപ്രില്‍ 18നാണ് സുബൈറിന്റെ ട്വീറ്റില്‍ ജഗദീഷ് സിംഹ് ‘ജിഹാദി’ പരാമര്‍ശം നടത്തിയത്. ഇതിലാണ് ഇപ്പോള്‍ മാപ്പ് പറയണമെന്ന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിന് ക്ഷമാപണം നടത്താന്‍ ജഗദീഷ് സിംഗ് തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ജഗദീഷ് സിങ്ങിന്റെ മറ്റു ചില പോസ്റ്റുകളും വിസ്താരത്തിനിടെ പരിശോധിച്ച ജസ്റ്റിസ് ഭംഭാനി ഇത്തരക്കാരെ സോഷ്യൽമീഡിയയിൽ നിന്ന് തടയണമെന്നും ആവശ്യപ്പെട്ടു.