India

ബ്രിജ്ഭൂഷണെതിരേ സാക്ഷിപറയാൻ പോകുന്ന ഗുസ്തി താരങ്ങളുടെ സുരക്ഷ പിന്‍വലിച്ചു; ഡല്‍ഹി പൊലീസിനെതിരെ വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി: ബ്രിജ്ഭൂഷണെതിരായ ലൈംഗികാതിക്രമക്കേസില്‍ മൊഴികൊടുക്കാന്‍ പോകുന്ന ഗുസ്തി താരങ്ങളുടെ സുരക്ഷ ഡല്‍ഹി പോലീസ് പിന്‍വലിച്ചെന്ന ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഇതേ ആരോപണം ഉന്നയിച്ച് സാക്ഷി മാലിക്കും രംഗത്തെത്തി. സാമൂഹിക മാധ്യമമായ എക്സില്‍ ഡല്‍ഹി പോലീസിനെയും ഡല്‍ഹി വനിതാ കമ്മിഷനെയും ദേശീയ വനിതാ കമ്മിഷനെയും ടാഗ് ചെയ്താണ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ഡല്‍ഹി പോലീസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

കേസിലെ പ്രധാന സാക്ഷികളായ വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുയര്‍ത്തിയുള്ളതാണ് പോസ്റ്റ്. ‘ബ്രിജ്ഭൂഷണെതിരേ കോടതിയില്‍ സാക്ഷി പറയാന്‍ പോകുന്ന വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷ ഡല്‍ഹി പോലീസ് പിന്‍വലിച്ചു’ എന്നാണ് പോസ്റ്റ് ചെയ്തത്. ഗുസ്തി ഫെഡറേഷനെതിരായ പോരാട്ടം തുടരുമെന്നും സത്യം ജയിക്കുമെന്നും വിനേഷ് നേരത്തേ പറഞ്ഞിരുന്നു.

പാരീസ് ഒളിംപിക്സില്‍ വനിതകളുടെ ഫ്രീസ്റ്റൈല്‍ 50 കിലോ വിഭാഗത്തില്‍ 100 ഗ്രാം അമിത ഭാരത്തിന്റെ പേരില്‍ ഫൈനലില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു വിനേഷ്. തുടര്‍ന്ന് സ്വര്‍ണമെഡല്‍ നേടാനുള്ള അവസരം വിനേഷിന് നഷ്ടമായി. നാട്ടിലെത്തിയ താരത്തിന് വലിയ സ്വീകരണം ലഭിച്ചിരുന്നു. പിന്നാലെയാണ് താരത്തിന്റെ കുറിപ്പ്.

സ്വീകരണത്തിനിടെ വിനേഷ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. അന്ന് ദില്ലിയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ”ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല, പോരാട്ടം തുടരും, സത്യം വിജയിക്കണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.” വിനേഷ് ശനിയാഴ്ച്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സജീവ രാഷ്ട്രീയത്തിലേക്ക് കടക്കില്ലെന്ന് വിനേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.